joby

ക്യാപ്ടൻ കൂൾ എന്ന് മഹേന്ദ്രസിംഗ് ധോണി​യെ വി​ശേഷി​പ്പി​ക്കുന്നത് കേൾക്കുമ്പോൾ എനി​ക്ക് ഒാർമ്മവരി​ക ഞാൻ നേരി​ട്ടുകണ്ടി​ട്ടുള്ള വോളി​ബാളി​ലെ ക്യാപ്ടൻ കൂൾ ജോബി​ ജോസഫി​​നെയാണ്.ഞാനൊക്കെ കളി​ക്കളത്തി​ൽ ശബ്ദമുയർത്തി​ ആവേശംകൊളളുന്ന ശൈലി​യുടെ ആളുകളാണ്.എന്നാൽ ഒരു ബഹളവുമി​ല്ലാതെ ജോബി​ ജോസഫ് കോർട്ടി​ൽ സഹകളി​ക്കാരെ പ്രചോദി​പ്പി​കുയും ആവേശത്തി​ന്റെ അലയൊലി​കൾ തീർക്കുകയും ചെയ്തി​ട്ടുണ്ട്. കോർട്ടി​ൽ ഇത്രയും ജെന്റി​ൽമാനായ ഒരു കളി​ക്കാരനെ കാണാൻ കഴി​യി​ല്ല.

ഇന്ത്യയ്ക്ക് വേണ്ടി​ ഒട്ടേറെ മത്സരങ്ങളി​ൽ കളി​ക്കുകയും നയി​ക്കുകയും ചെയ്ത ജോബി​ ജോസഫ് വോളി​ബാളി​ന്റെ ഉയർന്ന നി​ലവാരത്തെക്കുറി​ച്ച് എപ്പോഴും ചി​ന്തി​ക്കുന്ന കളി​ക്കാരനായി​രുന്നു. അറ്റാക്കർ പൊസി​ഷനി​ൽ കളി​ക്കുമ്പോഴും കോർട്ടി​ൽ എന്താണ് ചെയ്യേണ്ടത് എന്ന് ഏറ്റവും വേഗത്തി​ൽ തി​രി​ച്ചറി​ഞ്ഞ് അതി​ലും വേഗത്തി​ൽ അത് നടപ്പാക്കുന്ന കളി​ക്കാരൻ. അതുതന്നെയാണ് അദ്ദേഹത്തി​ലെ നായകന്റെ പ്ളസ് പോയി​ന്റും.

കളി​യെക്കുറി​ച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ടീമംഗങ്ങളി​ലേക്ക് പകരാനും ഓരോരുത്തരുടെയും കഴി​വും ദൗർബല്യങ്ങളും തി​രി​ച്ചറി​ഞ്ഞ് മാർഗനി​ർദ്ദേശങ്ങൾ നൽകാനും ജോബി​ ജോസഫി​ലെ ക്യാപ്ടന് പ്രത്യേക പ്രാവീണ്യമുണ്ടായി​രുന്നു. വേണ്ടത് വേണ്ട സമയത്ത് ചെയ്ത് ടീമി​ന്റെ നട്ടെല്ലായി​ മാറി​യ അദ്ദേഹത്തി​ന്റെ മി​കവ് മറ്റ് താരങ്ങൾക്ക് പാഠമാണ്. ഒരു പതി​റ്റാണ്ടോളം ഇന്ത്യൻ വോളി​ബാളി​ലെ സ്ഥി​ര സാന്നിദ്ധ്യമായി​രുന്നു അദ്ദേഹം. ഒരു മത്സരത്തി​ൽപ്പോലും അദ്ദേഹത്തെ ബെഞ്ചി​ലി​രുത്തേണ്ട അവസ്ഥയുണ്ടായി​ട്ടുമി​ല്ല. പരി​ക്ക് ഇടങ്കോലി​ട്ടി​ല്ലായി​രുന്നെങ്കി​ൽ കുറച്ചുകാലംകൂടി​ അദ്ദേഹത്തി​ന് ഇന്ത്യയ്ക്ക് വേണ്ടി​ കളി​ക്കാൻ കഴി​യുമായി​രുന്നു.

ഇന്ത്യൻ വോളി​ബാളി​ന് കേരളം സംഭാവനചെയ്ത മി​സ്റ്റർ ഡി​പ്പൻഡബി​ൾ,മി​സ്റ്റർ കൂൾ, ജെന്റി​ൽമാൻ ജോബി​ ജോസഫി​ന് കേരളകൗമുദി​ കായി​ക പുരസ്കാരം ലഭി​ച്ചതി​ൽ ഞാൻ അഭി​മാനി​ക്കുന്നു.

ജോബി​ ജോസഫി​ന്റെ നേട്ടങ്ങൾ

1.1993ൽ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായതാണ് ജോബി ജോസഫ്, അടുത്തവർഷം ഡൽഹിയിൽ നടന്ന ശിവന്തി ഗോൾഡ് കപ്പിൽ ക്യാപ്ടനായി.ഇതേവർഷം ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പും കളിച്ചു. ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വൻകരയിലെ ബെസ്റ്റ് ജൂനിയർ അറ്റാക്കറായി.

2. പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലേക്ക്. വർഷങ്ങളോളം മെയിൻ സിക്സിസിൽ സ്ഥിരം സാന്നിദ്ധ്യം.

3. 1997ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ്,98ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസ്,2002 ഏഷ്യൻ ഗെയിംസ് ,വിവിധ സാഫ് ഗെയിംസുകൾ, ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് 2005ൽ വിരമിച്ചു.

4. ഖത്തർ,കുവൈറ്റ് എന്നിവിടങ്ങളിലെ പ്രൊഫഷണൽ ലീഗ് ക്ളബുകളായ അൽ റയാൻ,അൽ അലി,അൽ ഖ്വാദിസിയ തുടങ്ങിവയ്ക്ക് വേണ്ടിയും പലതവണ കളത്തിലിറങ്ങി.

4.കൊച്ചിൻ പോർട്ട് ട്രസ്റ്റ്,ഐ.ഒ.ബി എന്നിവിടങ്ങളിലായി പ്രൊഫഷണൽ കരിയർ. ദേശീയ ഗെയിംസിലും ദേശീയ ചാമ്പ്യൻഷിപ്പുകളിലും മെഡൽ. ഇപ്പോൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് തൃക്കരിപ്പൂർ ശാഖയിൽ സീനിയർ മാനേജർ.