
തനിക്കെതിരെ വന്ന മീ ടൂ ആരോപണങ്ങളും, അവാർഡുകൾ കിട്ടാത്തതിലും സുശാന്ത് സിംഗ് രജ്പുത് അസ്വസ്ഥനായിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രബർത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
2018 ലാണ് സുശാന്തിന്റെ പേരിൽ മീ ടൂ ആരോപണം വരുന്നത്. 'ദിൽ ബെചാര'യുടെ ചിത്രീകരണ വേളയിൽ സഹതാരം സഞ്ജനയോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. 'ആ മീ ടൂ ആരോപണങ്ങളിലൂടെയാണ് അദ്ദേഹത്തിന് സമ്മർദ്ദം തുടങ്ങിയതെന്ന് എനിക്ക് തോന്നുന്നു. ഇതിന് പിന്നിൽ ആരോ ഉണ്ടെന്ന് സുശാന്ത് വിശ്വസിച്ചു. അദ്ദേഹം അതിന് പിന്നിലുള്ളവരെ ' അവർ' എന്ന് വിളിക്കാറുണ്ടായിരുന്നു. അവർ ആരാണെന്ന് എനിക്കറിയില്ല'- റിയ ചക്രബർത്തി പറഞ്ഞു.
'വളരെ പ്രയാസമേറിയ ഒരു വ്യവസായമാണ് സിനിമ. ഉയർച്ചകളും താഴ്ചകളുമുണ്ട്. ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിച്ചു. അവയിലൊന്നാണ് മീ ടു ആരോപണങ്ങൾ. അവൻ അത്തരത്തിലുള്ള ആളല്ല. ഏറ്റവും മാന്യനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സഹതാരം സഞ്ജന സംഘി അതിനെക്കുറിച്ച് വ്യക്തത വരുത്തിയിരുന്നില്ല. തന്റെ 'സുഹൃത്ത്' രോഹിണി അയ്യറുടെ കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കരുതി. ഞാൻ പൊലീസിനോടും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്'-റിയ പറഞ്ഞു.മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവച്ചിട്ടും അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടാത്തതിൽ താരം അസ്വസ്ഥനായിരുന്നെന്നും നടി കൂട്ടിച്ചേർത്തു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ ഇപ്പോൾ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്. മുംബയിലെ അപ്പാർട്ട്‌മെന്റിലാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് മുംബയ് പൊലീസിന്റെ നിഗമനം.