supreme-court

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്‌തംബർ 30നകം പൂർത്തിയാക്കണണമെന്ന യു.ജി.സി നിർദേശം സുപ്രീംകോടതി ശരിവച്ചു. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കിൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാകുമെന്ന യു.ജി.സി വിശദീകരണം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. യു.ജി.സിയുടെ നിർദേശത്തെ പിന്തുണച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരീക്ഷ നടത്തിപ്പിനായി രാജ്യത്തെ കോളേജുകൾ തുറക്കാമെന്ന് കോടതിയെ അറിയിച്ചു. ഇതേ തുടർന്നായിരുന്നു അവസാന വർഷ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയത്.

അതേസമയം പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിൽ അക്കാര്യം സർക്കാരുകൾക്ക് യു.ജി.സിയെ അറിയാക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ യു.ജി.സി തീരുമാനം നടപ്പാക്കേണ്ട ബാദ്ധ്യത സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ 31 വിദ്യാർത്ഥികളാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിന്മേലാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പരീക്ഷകൾ നീട്ടിവയ്‌ക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ട്. എന്നാൽ റദ്ദാക്കാനാകില്ല. പരീക്ഷയില്ലാതെ അവസാനവർഷ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഒഡീഷ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലെന്ന യു.ജി.സി വാദം കോടതി നിലവിൽ അംഗീകരിച്ചിരിക്കുകയാണ്. അവസാന വർഷ പരീക്ഷകൾ ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ സെപ്‌തംബർ മുപ്പതിനകം പൂർത്തിയാക്കാൻ യു.ജി.സി നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു.

അതേസമയം ജെ.ഇ.ഇ-നീറ്റ് പരീക്ഷകൾ നടത്താനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സെപ്തംബർ ഒന്നുമുതൽ ആറ് വരെ പരീക്ഷകൾ നടന്നേക്കും. സംസ്ഥാനങ്ങളുടേയും പ്രതിപക്ഷ പാർട്ടികളുടേയും എതിർപ്പ് അവഗണിച്ചാണ് കേന്ദ്രസർക്കാർ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് നീങ്ങുന്നത്.