ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിൽ പരാമർശിക്കുന്ന പേരാണ് കാമുകി റിയ ചക്രബർത്തിയുടേത്. ഇപ്പോഴിതാ സുശാന്തിനെ കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തുകയാണ് റിയ.
തന്റെ ചിത്രങ്ങളിൽ നന്നായി അഭിനയിച്ചിട്ടും ആ ചിത്രങ്ങൾ സാമ്പത്തിക ലാഭമുണ്ടാക്കിയിട്ടും ശ്രദ്ധിക്കപ്പെട്ടിട്ടും ഒരു ചിത്രത്തിൽ പോലും അവാർഡി ലഭിക്കാത്തതിൽ സുശാന്ത് വളരെ അസ്വസ്‌ഥനായിരുന്നു എന്ന് റിയ പറഞ്ഞു. 2018ൽ 'മി ടൂ' ആരോപണങ്ങൾ രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടിരുന്ന സമയത്ത് സുശാന്തിനെതിരെ 'ദിൽ ബേച്ചാര' ചിത്രത്തിലെ സഹതാരമായ സഞ്ജന സാംഘ്‌വി ആരോപണം ഉന്നയിച്ചിരുന്നു. ഇത് സുശാന്തിനെ വല്ലാതെ തളർച്ചിയിരുന്നുവെന്നും തനിക്ക് ആപത്തുണ്ടാകുമെന്ന് സുശാന്ത് ഭയന്നിരുന്നു എന്നും റിയ ചക്രബർത്തി വെളിപ്പെടുത്തി.
ഈ ആരോപണങ്ങൾക്ക് പിന്നിൽ ആരോ ഉണ്ടായിരുന്നതായി സുശാന്ത് കരുതി. 'അവർ' എന്നാണ് അതിനുപിന്നിലുളളവരെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ അവർ ആരാണെന്ന് തനിക്കറിയില്ലെന്നും റിയ അഭിപ്രായപ്പെട്ടു.
ബോളിവുഡ് ഒരു വിഷമം പിടിച്ച സിനിമ ലോകമാണ്. അവിടെ ഉയർച്ചയുണ്ടായാൽ വളരെ ഉയരത്തിലും താഴ്‌ചയുണ്ടായാൽ തീരെ താഴ്‌ന്നുമാണ്. അത്തരം കാര്യങ്ങളും മി ടൂ ഉൾപ്പടെ പ്രശ്‌നങ്ങളും സുശാന്തിന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നതായി റിയ പറയുന്നു. മി ടൂ ആരോപണം സഹതാരമായ സഞ്ജന തന്നെ പിന്നീട് വിശദീകരണം നൽകിയതോടെ ഇല്ലാതായി. സഹതാരങ്ങളോട് ബഹുമാനത്തോടെ പെരുമാറിയിരുന്നയാളാണ് സുശാന്ത് എന്ന് റിയ പറഞ്ഞു. താൻ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ സുശാന്ത് ആണെന്നും മി ടൂ ആരോപണ സമയത്ത് സഞ്ജനയെ സുശാന്തിന് ഭയമായിരുന്നുവെന്നും. ഇപ്പോൾ അതേ സാഹചര്യത്തിലൂടെ പോകുന്ന എനിക്ക് അദ്ദേഹത്തിന്റെ അവസ്ഥ മനസിലാകുമെന്നും റിയ പറയുന്നു.
'എനിക്ക് ഇപ്പോഴും സുശാന്ത് മരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനും നല്ലവനുമായ മനുഷ്യനുമായിരുന്നു അവൻ. പാവങ്ങളെ സഹായിക്കണമെന്ന് സുശാന്ത് ആഗ്രഹിച്ചിരുന്നു. എനിക്ക് അവനെ ഓർത്ത് വലിയ അഭിമാനമായിരുന്നു. ഞങ്ങളുടെ ബന്ധം കഥകളിലെ പോലെ ആയിരുന്നു. എന്നാൽ ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.' റിയ പറയുന്നു.
വിഷാദ രോഗത്തോട് പൊരുതുകയായിരുന്നു സുശാന്ത്. ആ അവസ്ഥയോട് പൊരുതുന്ന ഒരാളെ ജനങ്ങൾ തെറ്റായാണ് മനസ്സിലാക്കുക. ലോക്‌ഡൗൺ കാലത്ത് അവന്റെ അവസ്ഥ തീരെ മോശമായി.എങ്കിലും പുറത്ത് എല്ലാവരോടും സുശാന്ത് നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്നും റിയ ചക്രബർത്തി പറഞ്ഞു.