ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ രാജിയ്‌ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം രാജിവയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന് ജപ്പാനിലെ ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് (0800 ജിഎംടി) അബെ പത്രസമ്മേളനം നടത്തും. വാർത്താസമ്മേളനത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടേക്കും.
'അസുഖം മൂർച്ഛിച്ചതിനാൽ അബെ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നു. രോഗം രാജ്യത്തെ നയിക്കുന്നതിൽ പ്രശ്നമുണ്ടാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു'വെന്ന് ദേശീയ ബ്രോഡ്കാസ്റ്റർ എൻഎച്ച്‌കെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആഴ്ചകളായി ചില പ്രാദേശിക മാദ്ധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുകയാണ്.
ചികിത്സയുടെ ഭാഗമായി ടോക്കിയോയിലെ ആശുപത്രി സന്ദർശിച്ചതാണ് രാജിവയ്ക്കുന്നുവെന്ന വാർത്തകൾക്ക് അടിസ്ഥാനം.അബെ ഈ മാസം മൂന്ന് ദിവസത്തെ അവധി എടുത്തിരുന്നു. ഓഗസ്റ്റ് 17 ന് ഒരു അപ്രഖ്യാപിത ആശുപത്രി സന്ദർശനം നടത്തി. മെഡിക്കൽ പരിശോധനയ്ക്കായി ഏഴു മണിക്കൂറിലധികം അവിടെ ചിലവഴിച്ചിരുന്നു.