kodikkunnil-suresh-shahsh

തിരുവനന്തപുരം: ശശി തരൂർ ഗസ്‌റ്റ് ആർട്ടിസ്‌റ്റാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ തരൂരിനെതിരെ രൂക്ഷ വിമർശനവുമായാണ് കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ പക്വതയില്ലാത്തത് കൊണ്ടാണ് കത്തെഴുതിയ 23 പേർക്കിടയിൽ ശശി തരൂർ ഉൾപ്പെട്ടത് എന്നായിരുന്നു കൊടിക്കുന്നിലിന്റെ വിമർശനം. പാർട്ടിയുടെ അതിർ വരമ്പുകൾ തരൂരിന് അറിയില്ല. വിശ്വ പൗരൻ ആയതു കൊണ്ട് എന്തും പറയാമെന്നത് ശരിയല്ല. ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

വിശ്വ പൗരനാണെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ തരൂർ തയ്യാറാകണമെന്ന് പറഞ്ഞ കൊടിക്കുന്നിൽ സുരേഷ് പാർട്ടി നിലപാട് തനിക്ക് ബാധകമല്ലെന്നാണ് തരൂർ കരുതുന്നതെന്നും ചൂണ്ടിക്കാട്ടി. ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് അദ്ദേഹം പാർട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആർട്ടിസ്റ്റായി തുടരുകയാണ്. പാർട്ടിയിൽ നിന്നു കൊണ്ടുള്ള പാർലമെന്ററി പ്രവർത്തനം അദ്ദേഹത്തിന് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

തരൂർ വിശ്വ പൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവും ഉള്ള ആളായിരിക്കാം. പക്ഷേ രാഷ്ട്രീയപരമായ പക്വത ഇല്ലാത്ത ആളാണെന്നാണ് പല നടപടികളിൽ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടാണ് എല്ലാ കാര്യങ്ങളിലും അദ്ദേഹം എടുത്തുചാട്ടം കാണിക്കുന്നതെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.