ouseph

ഞാനൊരു ഒാട്ടക്കാരിയായതിനാൽ ഔസേഫ് സാറിന് കീഴിൽ പരിശീലിക്കാൻ അവസരം കിട്ടിയിട്ടില്ല. ചാട്ടക്കാരിലാണ് സാർ സ്പെഷ്യലൈസ് ചെയ്യുന്നത്.എനിക്ക് മുന്നേ പോയവരും പിന്നാലെ വന്നവരുമായി എത്രയോ പേർ ഔസേഫ് സാറിന്റെ ശിഷ്യരായി ഇന്ത്യൻ ക്യാമ്പിലെത്തിയിട്ടുണ്ട്. അവരിൽ നിന്നുള്ള കേട്ടറിവുകളിലൂടെയാണ് ആ പരിശീലകനോടുള്ള ബഹുമാനം വളർന്നത്.

അഞ്ജു ബോബി ജോർജും ബോബി അലോഷ്യസും പോലുള്ള ഇന്ത്യയുടെ അഭിമാനതാരങ്ങൾ സാറിന്റെ സഹായത്തോടെയാണ് നേട്ടങ്ങളിലേക്ക് ചാടി ഉയർന്നത്. കേരളത്തിൽ ലോംഗ് ജമ്പ്,ട്രിപ്പിൾ ജമ്പ്,ഹൈജമ്പ് ഇനങ്ങളിൽ മികച്ച താരങ്ങൾ ഉണ്ടായതിന് പിന്നിൽ ഔസേഫ് സാറിനെപ്പോലുള്ളവരുടെ പ്രയത്നമുണ്ട്.പച്ചയായ ഒരു പെരുമ്പാവൂരുകാരനാണ്ഔസേഫ് സാറെന്ന് ശിഷ്യർ പറയാറുണ്ട്. ഒന്നും ഒളിച്ചുപിടിക്കാത്ത, മനസിലുള്ളത് മുഖത്ത് പ്രകടമാകുന്ന,മുഖത്തുള്ളത് വാക്കുകളിലുമുണ്ടാകുന്ന സാധാരണക്കാരൻ. തെറ്റുകണ്ടാൽ ചൂണ്ടിക്കാട്ടാൻ ഒരു മടിയുമില്ല. അതുകൊണ്ടുതന്നെ ശിഷ്യർക്കൊക്കെയും ചെറിയ പേടിയുമുണ്ട്. തെറ്റുകണ്ടാൽ ജമ്പിംഗ് പിറ്റിൽ മാത്രമല്ല അദ്ദേഹം 'ചാടി'ക്കുകയെന്ന് ഒരു പറച്ചിലുണ്ട്.

74-ാം വയസിലും കോച്ചിംഗ് തുടരുകയാണ് അദ്ദേഹം. ഒളിമ്പിക്സിൽ ഒരു മെഡൽ എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ജമ്പിംഗ് താരം സാന്ദ്രയി​ലൂടെ അത് നേടാനാകും എന്ന പ്രതീക്ഷയി​ലാണ് അദ്ദേഹം. ഈ പ്രായത്തി​ലും അദ്ദേഹത്തി​ന്റെ സപര്യയ്ക്ക് പി​ന്തുണ നൽകുന്ന കുടുബത്തി​നാണ് കയ്യടി​ നൽകേണ്ടത്. പുരസ്കാരജേതാവായ ഗുരുവര്യന് പ്രണാമം.

ടി​.പി​ ഒസേഫി​ന്റെ നാഴി​കക്കല്ലുകൾ

1. പെരുമ്പാവൂർ ഇരിങ്ങോളുകാരനായ ഔസേഫ് 12 വർഷം ലോംഗ് ജമ്പിലും അഞ്ചുവർഷം ട്രിപ്പിൽ ജമ്പിലും ആർമി ചാമ്പ്യനായിരുന്നു.

2.കോച്ചിംഗിൽ എൻ.ഐ.എസ് ഡിപ്ളോമ എടുത്തശേഷം രണ്ട് പതിറ്റാണ്ടോളം സംസ്ഥാന സ്പോർട്സ് കൗൺസിൽ കോച്ചായി ജോലി ചെയ്തു.

3. 1994മുതൽ 98വരെ ദേശീയ അത്‌ലറ്റിക്സ് ക്യാമ്പിൽ ജമ്പിംഗ് കോച്ചായിരുന്നു.

4.1992,93,97 വർഷങ്ങളിൽ അഞ്ജുബോബി ജോർജിനെ പരിശീലിപ്പിച്ചു. 11 വർഷത്തോളം ബോബി അലോഷ്യസിന്റെ കോച്ചായിരുന്നു. ഒരുവർഷം ഒളിമ്പ്യൻ ജിൻസി ഫിലിപ്പിനെയും പരിശീലിപ്പിച്ചു.

5. ലേഖാ തോമസ്,ദീപ കെ.ആർ,ഡോളി കെ.ജോസഫ്,എം.എം അഞ്ജു,ആൻസി ജോസഫ്,മുഹമ്മദ് നസീം മുതൽ ഇപ്പോഴത്തെ ദേശീയ ജൂനിയർ ചാമ്പ്യനായ സാന്ദ്ര ബാബുവരെയുള്ള ശിഷ്യരുടെ നീണ്ട നിരയ്ക്ക് ഉടമ.