onappoovu

'ദൂരെ മലിനമാം വാനിൻ കടയ്‌ക്കൊരു
ചാരു ശോണാഭ: അതോണമല്ലേ.?
ആരോർത്തു, കാറിന്നടിയിലിസ്സുന്ദര-
ഹീരാവിളഞ്ഞുകിടന്ന കാര്യം
തോരാത്ത കണ്ണീരും കാലമേ നീയൊരു
വാരുറ്റ പുഞ്ചിരിപ്പൂൺപായ് മാറ്റും'

(ഇടശ്ശേരി - യുദ്ധകാലത്തെ ഓണം)


കൊവിഡ് മഹാമാരിയുടെ ഈ ഓണക്കാലത്ത് ഇടശ്ശേരിയുടെ ഈ വരികളോളം പ്രതീക്ഷ നൽകുന്ന മറ്റെന്താണുള്ളത്? തമ്പ്രാട്ടിയേയ്... തലയിലേറ്റിയ വട്ടിയും മുറവുമൊക്കെ ഇറക്കിവച്ചു കൊണ്ടുള്ള നീണ്ട വിളി മുറ്റത്ത്... ഓണത്തുമ്പിയും മഞ്ഞക്കിളിയും പൂക്കളിൽ വിരുന്നു വന്ന മുറ്റത്ത് ഓണം വന്നുവെന്നുറപ്പിയ്ക്കുന്ന വിളിയായിരുന്നു അത്. എനിയ്ക്ക് നാലോ അഞ്ചോ വയസുള്ള അക്കാലത്ത് ആ വിളി കേട്ട് ഞാൻ അമ്മയുടെ അടുത്തേയ്‌ക്കോടി. 'അമ്മേ തമ്പ്രാട്ടി വന്നു, കഞ്ഞിയെടുക്ക്വോ, ഞാൻ കൊണ്ടക്കൊടുക്കാം. എല്ലാ ശനിയാഴ്ചയും വീട്ടുമുറ്റത്തെത്താറുള്ള ഇവർ ഉള്ളാട സമുദായത്തിൽ പെട്ട, വട്ടിയും മുറവും മറ്റുമുണ്ടാക്കുന്നവരാണെന്നു ഞാൻ മനസിലാക്കിയതു പിന്നീടാണ്. തമ്പ്രാട്ടിയേ എന്നുള്ള വിളി 'നമസ്‌കാരം' എന്നു പറയുന്നതു പോലെ എന്നു ധരിച്ചിരുന്ന ഞാൻ തിരിച്ചും അവരെ തമ്പ്രാട്ടീ എന്നു തന്നെയാണു വിളിച്ചിരുന്നത്.
ഞങ്ങൾ കുട്ടികളെ ഹരം കൊള്ളിക്കുക അഞ്ചോണത്തിന് മുറ്റത്തെത്തുന്ന കടുവാകളിയാണ്. താളത്തിനൊപ്പിച്ചു തുള്ളുന്ന കടുവയും തോക്കേന്തിയ പട്ടാളക്കാരനും! എന്റെ കണ്ണുകൾ കടുവയുടെ കാലുകളിലെ രണ്ടു തരത്തിലുള്ള ചെരുപ്പിൽ പതിഞ്ഞു. അയ്യോ ശനിയാഴ്ച വരുന്ന നമ്മുടെ ധർമ്മക്കാരനപ്പൂപ്പനാണീ കടുവ. ഞാൻ അദ്ഭുതവും നിരാശയും കലർന്ന സ്വരത്തിൽ പറയുമ്പോൾ കൂട്ടുകാർ പൊട്ടിച്ചിരിച്ചു. പിറ്റേ ആഴ്ച വളരെപ്പതിയെ നടന്ന് പഴയ ധർമ്മക്കാരനായി വീട്ടുമുറ്റത്ത് കടുവ! 'അപ്പൂപ്പാ ഇന്നെന്താ കടുവയാവാത്തെ?' 'അതു മോളെ ഓണത്തിന് എല്ലാവരേയും ചിരിപ്പിക്കാൻ അപ്പൂപ്പൻ വേഷം മാറിയതല്ലേ?'
നാട്ടിൻപുറത്തെ ഓണക്കളികൾ മുതൽ മറുനാടൻ മലയാളികളുടെ ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം വരെ ഒരു കാർഷിക ഉത്സവത്തിന്റെ ഛായയിൽ നിന്ന് മലയാൺമയുടെ ഏറ്റവും വലി യ വിപണന -വിനിമയ ഉത്സവമായി പിന്നെ മാറി. ചട്ടിയും കലവും ഓണത്തപ്പനും മുതൽ ആഡംബര ഗൃഹോപകരണങ്ങളും പായസവും വരെ. വിപണി കൈയ്യടക്കി, ഒരു ഭീമാകാര കച്ചവടോത്സവമായി ഓണം. അതൊക്കെ പെട്ടെന്ന് ഇന്നലെ ആയതു പോലെ തോന്നുന്നു. ഒഴിഞ്ഞ പൂക്കടകളും തെരുവു കച്ചവടവുമൊക്കെ ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേയ്ക്ക് തള്ളിവിട്ടു. ചന്തകൾ ഒന്നൊന്നായി തുറക്കുമ്പോൾ, രണ്ടാഴ്ച കഴിയുമ്പോൾ ഉണ്ടാകാൻ പോകുന്ന കോവിഡ് രോഗികളുടെ വർദ്ധനയാണു മനസ്സിൽ. മാസങ്ങളായി പ്രതിസന്ധി നേരിടുന്ന മത്സ്യ വിപണിയും പച്ചക്കറി വിപണിയും… സ്‌കൂൾ തുറക്കുമ്പോൾ പൊടിപൊടിയ്ക്കുന്ന യൂണിഫോം വിപണി, ഓണമാകുമ്പോഴേയ്ക്കും ഉന്തും തള്ളും നിറഞ്ഞ തുണി വിപണിയായി പുരോഗമിച്ചിരുന്നു. നമ്മുടെ ഓണം തമിഴ് നാട്ടിലേയും രാജസ്ഥാനിലേയുമൊക്കെ നൂറു കണക്കിന് കച്ചവടക്കാരെക്കൂടിയാണു തീറ്റിപ്പോറ്റിയിരുന്നത്. നമ്മുടെ കച്ചവടക്കാരുടെ വിപണനത്തിന്റെ മുക്കാൽ ഭാഗവും ഓണക്കാലത്തു മാത്രമായിരുന്നു. ആ പ്രതാപമാർന്ന ഓണ വിപണി ഇന്ന് ഓരോർമ്മ !
ചന്തകളും കടകളും തുറക്കാൻ അനുമതി ലഭിച്ചു എന്നതുകൊണ്ട് കൊവിഡ് നിർദ്ദേശങ്ങൾ പാലിയ്ക്കാതെ; മാസ്‌കു ധരിയ്ക്കാതെയും സാമൂഹിക അകലം പാലിയ്ക്കാതെയും ജനങ്ങൾ കിട്ടിയ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്താൽ ഫലം നാമെല്ലാവരും കൂടെ അനുഭവിക്കേണ്ടി വരും. ചന്ത തുറന്നു എന്നതുകൊണ്ട് അവിടെപ്പോയി ഇടിച്ചു നിന്നു തന്നെ സാധനം വാങ്ങണമെന്നുണ്ടോ? മാസ്‌കു താടിയിൽ വച്ചു കൊണ്ട് ചുറ്റും കൂടിയ ഒരുപാട് ആളുകളുമായി സംസാരിയ്ക്കുന്നവരിൽ
എഴുപതു കഴിഞ്ഞവർ മുതൽ ചെറുപ്പക്കാർ വരെയുള്ളവരുണ്ട്. മറ്റുള്ളവർക്ക് മാതൃകയാകേണ്ട പലരും വളരെ മോശം മാതൃകകളായി പ്രത്യക്ഷപ്പെടുന്നു. ഇതു പമ്പര വിഡ്ഢിത്തമാണെന്നു പ്രത്യേകം പറയേണ്ടതില്ല. പക്ഷേ ഇക്കാര്യത്തിൽ മാതൃകയായി മാറാൻ നമുക്കു കഴിയുമെന്നിരിയ്‌ക്കെ മാസ്‌ക് ശരിയായി ധരിയ്ക്കാതെയും സാമൂഹിക അകലം പാലിയ്ക്കാതെയും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടും നമ്മുടെ പൗരബോധം തെരുവിൽ മുഖം മൂടിയറ്റു വീഴുന്നതാണു കാഴ്ച. മാനുഷരെല്ലാരുമൊന്നു പോലെ കൊവിഡ് ബാധയേറ്റോട്ടെ എന്നു കരുതിയാണെങ്കിൽ, കൊവിഡ് എല്ലാവരേയും ഒരു പോലെയല്ലല്ലോ ബാധിയ്ക്കുക. കുറേപ്പേർ ദിവസവും മരിച്ചു വീഴും. ആയിരക്കണക്കിനാളുകൾ നിശ്ശബ്ദവാഹകരായി മരണവിത്ത് വിതച്ചു കൊണ്ടിരിയ്ക്കും... ഇങ്ങനേയും ഒരോണക്കാലം!
അടച്ചു പൂട്ടാൻ ഇനി നമുക്കാവതല്ല. പകരം സാമൂഹിക അകലവും മാസ്‌കും കൈകഴുകലും ആയുധമാക്കി നാമീ ഓണക്കാലത്ത് കരുതലോടെ പുറത്തിറങ്ങിയാൽ 'തോരാത്ത കണ്ണുനീർ വാരുറ്റ പുഞ്ചിരി'യാക്കി മാറ്റാൻ നമുക്കു സാധിയ്ക്കും. പുതിയൊരു ചട്ടിയും കലവും മുറവും വട്ടിയും ഓണക്കാലത്തു നിർബന്ധമായും വാങ്ങിയിരുന്ന കുട്ടിക്കാലത്തെ ഓണ ഓർമ്മ ഓടിയെത്തുന്നു. ജീവിതം മുൻപോട്ടു കൊണ്ടു പോകാനായി പാടുപെടുന്നവരുടെ കയ്യിൽ നിന്ന് എന്തെങ്കിലുമൊക്കെ വാങ്ങാൻ മറക്കാതിരിയ്ക്കാം. അതു ചില മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കുമെങ്കിൽ അതിലും വലിയ എന്ത് ഓണമാണു നമുക്ക് വേണ്ടത്?