കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. എറണാകുളം ക്രൈംബ്രാഞ്ച് ആണ് നിലവിൽ കേസ് അന്വേഷിച്ചിരുന്നത്. അധോലോക കുറ്റവാളിയായ രവി പൂജാരി പ്രതിയായ കേസാണിത്. കേസിൽ രവി പൂജാരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടരന്വേഷണമാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക.
2018 ഡിസംബർ 15നാണ് നടി ലീന മരിയ പോൾ നടത്തുന്ന 'നെയിൽ ആർട്ടിസ്‌ട്രി' എന്ന ബ്യൂട്ടി പാർലറിനു നേരെ വെടിവയ്‌പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് വെടിവച്ചത്. ആക്രമണം നടന്ന് നാല് ദിവസം കഴിഞ്ഞ് രവി പൂജാരി ഒരു വാർത്താ ചാനലിൽ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിച്ചിരുന്നു.
വെടിവയ്‌പ് ഉണ്ടാകുന്നതിന് ഒരുമാസം മുൻപ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടു. വെടി വയ്‌പ്പ് നടത്തിയവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് 2019 ജനുവരി 5ന് സെനഗളിൽ നിന്ന് രവി പൂജാരിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഗോവ, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുളളവർക്ക് കേസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.