avaska

ന്യൂഡൽഹി: ശത്രുവിന്റെ വ്യോമനീക്കങ്ങൾ ആകാശത്തു നിന്ന് നിരീക്ഷിക്കാനും മുന്നറിയിപ്പ് നൽകാനും യുദ്ധനീക്കങ്ങൾ നിയന്ത്രിക്കാനുമുള്ള രണ്ട് ഫാൽക്കൺ അവാക്‌സ് (എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം)​ വിമാനങ്ങൾ കൂടി ഇസ്രയേലിൽ നിന്ന് ഇന്ത്യ വാങ്ങും. നിലവിൽ മൂന്നെണ്ണമുള്ളതിന് പുറമേയാണിത്. ഇവ കൂടാതെ ഡി.ആർ.ഡി.ഒ നിർമ്മിച്ച 'നേത്ര' മിനി അവാക്സ് രണ്ടെണ്ണവുമുണ്ട്. 360 ഡിഗ്രി നിരീക്ഷണ ശേഷിയുള്ള റോട്ടോഡോമാണ് ഫാൽക്കണിലുള്ളത്.

വ്യോമസേനയുടെ ഇരുനൂറ് കോടി ഡോളറിന്റെ (15,​000 കോടി രൂപ)​ ഇടപാടിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അടുത്തയാഴ്ച അന്തിമ അനുമതി നൽകും. ഇസ്രയേൽ ഇത് നിർമ്മിച്ച് ഇന്ത്യയ്‌ക്ക് കൈമാറാൻ മൂന്ന് വർഷം വേണം.

ബാലാക്കോട്ടിലെ ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ അഭിനന്ദൻ വർദ്ധമാനിന്റെ മിഗ് വിമാനവും പാക് എഫ് - 16 വിമാനവും ആകാശത്ത് നടത്തിയ പോരാട്ടവും ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവുമാണ് കൂടുതൽ അവാക്സിന്റെ ആവശ്യകത ഇന്ത്യയെ ബോദ്ധ്യപ്പെടുത്തിയത്. പാകിസ്ഥാന്റെ രണ്ട് സ്വീഡിഷ് അവാക്സ് വിമാനങ്ങൾ ഇന്ത്യൻ വിമാനങ്ങളിൽ കണ്ണുനട്ട് അന്ന് 24മണിക്കൂറും ആകാശത്തുണ്ടായിരുന്നു.

ആകാശ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യൻ കരസേന 200 ഡ്രോണുകളും സ്വന്തമാക്കുന്നുണ്ട്.

അവാക്സ്

ആകാശത്തെ കണ്ണുകളാണ് അവാക്സ്

ഒരു വിമാനവും അതിൽ ഘടിപ്പിച്ച റഡാറും

ഫാൽക്കൺ റഡാർ ഇസ്രയേൽ നിർമ്മിതം

റഡാർ ഘടിപ്പിക്കുന്നത് റഷ്യൻ ഇല്യൂഷിൻ - 76 വിമാനത്തിൽ

റഡാറിനും വിമാനത്തിനും 100കോടി ഡോളർ വീതം

ഇസ്രയേലിലാണ് രണ്ടും കൂട്ടിച്ചേർക്കുന്നത്

പത്ത് കിലോമീറ്റർ ഉയരത്തിൽ പറക്കും

400 കിലോമീറ്റർ നിരീക്ഷണപരിധി

ശത്രു വിമാനങ്ങളും മിസൈലുകളും സേനാനീക്കവും നിരീക്ഷിക്കും

ഒരേസമയം 60 ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യും

വിവരങ്ങൾ കര,​ നാവിക,​ വ്യോമ കേന്ദ്രങ്ങൾക്ക് അയയ്ക്കും

അവാക്‌സ് എണ്ണത്തിൽ

അമേരിക്ക 31

ചൈന 28

റഷ്യ 16

പാകിസ്ഥാൻ 7