മലയാള സിനിമാ ഗാനചരിത്രത്തിലെ കെടാവിളക്കാണ് ബി.എ. ചിദംബര നാഥ് എന്ന സംഗീത സംവിധായകൻ. മലയാള സിനിമാ ഗാനങ്ങളുടെ നവോത്ഥാന കാലഘട്ടമായിരുന്നു 1960 മുതൽ 80 വരെ. ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ തുടങ്ങിയ സംഗീത സംവിധായകരാണ് ഒരു പുതിയ സരണി ചലച്ചിത്രഗാന ശാഖയിൽ വെട്ടിത്തുറന്നത്. ആ കണ്ണിയിൽ ചേർത്തു വയ്ക്കാവുന്ന സംഗീത സംവിധായകനാണ് ബി.എ. ചിദംബര നാഥും. ആ വഴിത്താരയിൽ പൂർവികരോടൊപ്പം ഒരു കെടാവിളക്കായി അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങളും ശോഭിച്ചുകൊണ്ടിരിക്കുന്നു.
''കരയുന്നോ പുഴ ചിരിക്കുന്നോ....""(മുറപ്പെണ്ണ്)
''പകൽക്കിനാവിൽ സുന്ദരിയാകും.... "" (പകൽക്കിനാവ്)
''കടവത്തു തോണിയടുത്തപ്പോൾ..... "" (മുറപ്പെണ്ണ്)
''വാകചാർത്തു കഴിഞ്ഞൊരു ദേവന്റെ.... "" (പകൽക്കിനാവ്)
''നിദ്രതൻ നീരാഴി.... "" (പകൽക്കിനാവ്)
''കുങ്കുമ പൂവുകൾ പൂത്തു.... "" (കായംകുളം കൊച്ചുണ്ണി) തുടങ്ങി എത്രയോ അനശ്വര ഗാനങ്ങൾ. ചിദംബര നാഥിന്റെ മ്യൂസിക്കൽ ജീനിയസ് തുടിച്ചു നിൽക്കുന്ന ''വാടാമലരു""കളാണ് ഇവയൊക്കെ.
ചിദംബര നാഥ് ജനിച്ചത് കന്യാകുമാരി ജില്ലയിലാണെങ്കിലും തന്റെ സംഗീത സപര്യയ്ക്ക് വളക്കൂറുള്ള മണ്ണ് കണ്ടെത്തിയത് കേരളത്തിൽ. മധുരമണി അയ്യരെപ്പോലെ ഒരു സംഗീതജ്ഞന്റെ കച്ചേരിക്ക് വയലിൻ വായിച്ച് ശാസ്ത്രീയ സംഗീതത്തിൽ ഒരു നല്ല അടിത്തറ തന്നെ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. നാൽപ്പത് അമ്പതുകളിൽ അങ്ങനെ തമിഴ്നാട്ടിലും ഒരു നല്ല വയലിനിസ്റ്റ് എന്ന കീർത്തി അദ്ദേഹം സമ്പാദിച്ചിരുന്നു.
അറുപതുകളിൽ തന്നെ അദ്ദേഹം തന്റെ ജൈത്ര യാത്ര ആരംഭിച്ചു. പുതു തലമുറയിലെ ശ്രോതാക്കൾ പോലും ഹൃദയത്തിലേറ്റുന്ന ഒരു യുഗ്മഗാനമാണ് കുങ്കുമ പൂവുകൾ പൂത്തു എന്ന ഗാനം. ആ അനശ്വര ഗാനം ഇന്നും സൂപ്പർ ഹിറ്റുകളുടെ ചാർട്ടിലുണ്ട്.
ഏതാണ്ട് ഇരുപത് ചിത്രങ്ങളിലായി നൂറോളം ഗാനങ്ങളേ അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളൂ. പലപ്പോഴും ദക്ഷിണാമൂർത്തിയുടെ സംഗീത ശൈലിയെ നമ്മുടെ ഓർമ്മയിൽ കൊണ്ടുവരുന്നു ചിദംബരനാഥും. മികച്ച വയലിനിസ്റ്റായിരുന്നപ്പോൾ സ്വായത്തമാക്കിയ കർണാടക രാഗങ്ങളെ ആത്മാവിൽ ആവാഹിച്ച് അവ ഈണത്തിലേക്ക് ഒഴുക്കി വിടുകയായിരുന്നു അദ്ദേഹം.
1948ൽ വെള്ളിനക്ഷത്രം, സ്ത്രീ എന്നീ ചിത്രങ്ങൾക്ക് ഈണം പകർന്നു കൊണ്ടാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.
ചിദംബരനാഥ് ഈണം നൽകിയത് ഏറെയും പി. ഭാസ്കരന്റെ രചനകൾക്കാണ്. ഒരു സംഗീത സംവിധായകന്റെ മാന്ത്രിക സ്പർശമാണ് ഒരു ഗാനത്തെ നിത്യഹരിതമാക്കുന്നത്. ഈ ടീം സൃഷ്ടിച്ച മുറപ്പെണ്ണ്, പകൽക്കിനാവ്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ മികച്ച സംഗീത ശില്പങ്ങളായി മലയാള സിനിമയുടെ ഷോകെയ്സിൽ വെട്ടിത്തിളങ്ങുന്നു.ഈ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ യേശുദാസിന്റെ കരിയറിനെ ഉയർച്ചയിലേക്ക് നയിച്ചു. കരയുന്നോ പുഴ ചിരിക്കുന്നോ, കുങ്കുമപ്പൂവുകൾ പൂത്തു.... (ജാനകിയോടൊപ്പം) എന്നീ ഗാനങ്ങൾ ആ ഗാനശേഖരത്തിലെ പവിഴമുത്തുകൾ.
പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിർവഹിച്ച രാജാമണി, ചിദംബര നാഥിന്റെ മകൻ. 2007 ആഗസ്റ്റ് 31ന് ചിദംബരനാഥ് വിട പറഞ്ഞു. ഇന്നേക്ക് 13 വർഷം. അദ്ദേഹം സൃഷ്ടിച്ച നിത്യഹരിത ഗാനങ്ങൾക്ക് മരണമില്ല.
(ലേഖകന്റെ ഫോൺ:9387215244)