തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മാദ്ധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ വെളിപ്പെടുത്തലുമായി കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. സ്വർണം പിടിക്കപ്പെട്ട ദിവസം അനിൽ നമ്പ്യാർ വിളിച്ചെന്നും, സ്വർണം വന്നത് നയതന്ത്ര ബാഗിലല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴിയില്‍ പറയുന്നു.
അനിൽ നമ്പ്യാറുമായി ദീർഘകാലമായി ബന്ധമുണ്ടെന്നും സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അറ്റ്‌ലസ് രാമചന്ദ്രൻ ദുബായിലെ ജയിലിലായ സമയത്താണ് അനിൽ നമ്പ്യാരെ പരിചയപ്പെടുന്നത്. വഞ്ചനക്കുറ്റം നിലനിൽക്കുന്നതിനാൽ അഭിമുഖം എടുക്കാനായി അദ്ദേഹത്തിന് യു.എ.ഇയിലേക്ക് പോകാൻ സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിൽ അനിൽ നമ്പ്യാർ സരിത്തിനെ വിളിച്ച് കാര്യം പറഞ്ഞു. സരിത്ത് ഈ കാര്യം പറഞ്ഞപ്പോൾ വിഷയം താൻ കോൺസുലേറ്റ് ജനറലിന്റെ മുന്നിലെത്തിച്ചു.അന്ന് കോൺസുലേറ്റ് ജനറലാണ് ഒരു പ്രശ്നവുമില്ലാതെ നോക്കിയതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
അന്ന് ചെയ്ത സഹായത്തിന്റെ പ്രത്യുപകാരമായി 2018ൽ താജ്‌ഹോട്ടലിൽ വെച്ച് അനിൽ നമ്പ്യാർ തനിക്ക് അത്താഴവിരുന്ന് നൽകിയെന്നും, ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന മൊഴി നൽകി.ഇന്ത്യയിലെ യു.എ.ഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും, ബി.ജെ.പിക്ക് കോണ്‍സുലേറ്റിന്റെ പിന്തുണ ലഭിക്കാന്‍ സഹായം തേടുകയും ചെയ്തുവെന്ന് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തന്റെ സുഹൃത്തിന്റെ സ്ഥാപനമായ നവീന്‍ ടൈല്‍സിന്റെ ഉദ്ഘാടനത്തിനായി കോണ്‍സുലേറ്റ് ജനറലിനെ കൊണ്ടുവരാൻ പറ്റുമോയെന്നും അനില്‍ നമ്പ്യാർ ചോദിച്ചിരുന്നെന്നും, അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെന്നും സ്വപ്ന പറഞ്ഞു. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ശേഷംവും അനില്‍ നമ്പ്യാര്‍ സൗഹൃദം സൗഹൃദം പുതുക്കുന്നതിന് വേണ്ടി ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്‌ന മൊഴി നൽകി.