railway-mail-service

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് കൗണ്ടറുകൾ രാത്രി എട്ട് മണിയ്ക്ക് അടയ്‌ക്കുന്നത് കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്നു. 24 മണിക്കൂറും പ്രവർത്തിച്ച് കൊണ്ടിരുന്ന ആർ.എം.എസ് ഒറ്റയടിക്ക് രാത്രിയിലെ പ്രവർത്തനം നിർത്തിയതാണ് ജനങ്ങളെ വലയ്‌ക്കുന്നത്. രാത്രിയിൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നില്ലെന്ന കാര്യം പൊതുജനങ്ങളെ ഔദ്യോഗികമായി അറിയിക്കാൻ ഇതുവരെ അധികൃതർ തയ്യറായിട്ടില്ല. പകൽ സമയം കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാരോട് ഇതിനെപ്പറ്റി ചോദിച്ചാൽ തങ്ങൾക്ക് സമയക്രമത്തെപ്പറ്റി കൃത്യമായി അറിയില്ലെന്നാണ് വിശദീകരണം.

ജോലിത്തിരക്ക് കഴിഞ്ഞ് പലരും രാത്രിയോടെ ആർ.എം.എസിൽ എത്തുമ്പോൾ കൗണ്ടറുകൾ അടഞ്ഞുകിടക്കുന്ന കാഴ്ച പതിവാണ്. രാവിലെ ആറരയ്‌ക്ക് തുറക്കുന്ന കൗണ്ടറുകൾ വൈകുന്നേരം എട്ട് മണിയാകുന്നതോടെ അടയ്‌ക്കും. രാജ്യം അൺലോക്കിലേക്ക് കടന്നതോടെ പൊതുജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്. അതിനിടെയാണ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമീപനം റെയിൽവേ മെയിൽ സർവീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കൗണ്ടറുകൾ 24 മണിക്കൂർ പ്രവർത്തിക്കാത്തതിനെപ്പറ്റി ചോദിച്ചാൽ ആർ.എം.എസ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നായിരിക്കും അധികൃതർ നൽകുന്ന വിശദീകരണം.

കൊവിഡിനെ തുടർന്ന് സംസ്ഥാന സർക്കാർ നടപ്പാക്കിയ രാത്രികാല നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ജനങ്ങൾ പൊതുനിരത്തിൽ ഇറങ്ങാത്ത സമയം സർവീസ് നടത്താതെന്നാണ് ആർ.എം.എസ് അധികൃതർ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്. എന്നാൽ ഓണക്കാലത്ത് എല്ലാ മേഖലകളിലും ഇളവുകൾ നടപ്പാക്കുമ്പോൾ അതിന് ആർ.എം.എസ് ഒരുക്കമല്ല. എന്നത്തേയ്ക്ക് നിയന്ത്രണം മാറ്റുമെന്നതിനെ സംബന്ധിച്ചും അധികൃതർക്ക് വ്യക്തമായ ധാരണയില്ല. സംസ്ഥാന സർക്കാർ രാത്രികാല നിയന്ത്രണം നീക്കുന്നതിന് അനുസരിച്ച് കൗണ്ടറുകൾ രാത്രിയിൽ തുറക്കുന്നത് ആലോചിക്കാമെന്നാണ് ഔദ്യോഗിക വിശദീകരണം.