ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഓരോ പൗരനും ആരോഗ്യ ഐഡി ഉണ്ടാകും എന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അതിന്റെ കരട് നയം പുറത്തിറക്കി. സെപ്‌തംബർ 3 വരെ ഇതിൽ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരട് നയത്തിൽ കാർഡ് ഉടമകൾ ജാതിയും രാഷ്‌ട്രീയവും അവരുടെ ലൈംഗിക താൽപര്യവും നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് പൗരന്റെ സ്വകാര്യതയുടെ മേലുളള കടന്നുകയറ്റമാണെന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
വ്യക്തിയുടെ രോഗങ്ങളും ചികിത്സാ വിവരങ്ങളും നൽകേണ്ടതുണ്ട്. ഇത് ഹെൽത്ത് മാനേജ്‌മെന്റ് നയപ്രകാരം ആവശ്യമാണ്. എന്നാൽ ഇതിനു പുറമേ ജാതി,രാഷ്‌ട്രീയം, ലൈംഗിക താൽപര്യം, ബാങ്കിലെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകണമെന്ന് കരടിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന തലത്തിൽ ചികിത്സാ കേന്ദ്രങ്ങളിൽ ഇവ സൂക്ഷിക്കും. ഗവേഷണങ്ങൾക്ക് ഈ വ്യക്തിഗത വിവരം നൽകാൻ പാടില്ലെന്നും കരടിൽ വ്യവസ്ഥയുണ്ട്.
എന്നാൽ ഇവ നൽകാതിരിക്കാനും ഹെൽത്ത് ഐ.ഡി കാർഡ് വേണ്ടെന്ന് വയ്‌ക്കാനും പൗരന്മാർക്ക് അവകാശമുണ്ടെന്നും കരടിൽ പറയുന്നു.
അതേസമയം കേന്ദ്ര ആരോഗ്യ കരടിൽ ജാതി, രാഷ്‌ട്രീയം ചോദിച്ചു എന്ന വിവാദത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. ആരോഗ്യ കാർഡിന്റെ കരടിൽ ജാതി ചോദിച്ചതിൽ തെറ്റില്ല. സംസ്ഥാനത്തെ എല്ലാ അപേക്ഷ ഫോറത്തിലും ജാതി ചോദിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.