kerala-kaumudi-kayika-pur

പോയ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ വിർച്വലായി സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇന്ന് രാഷ്ട്രപതി വിതരണം ചെയ്യും. രാജ്യത്തെ വിവിധ സായ് സെന്ററുകളിൽ വീഡിയോ കോൺഫറൻസിലൂടെ രാജീവ് ഗാന്ധി ഖേൽരത്നയും അർജുനയും ദ്രോണാചാര്യയും ഏറ്റുവാങ്ങാൻ എത്തുന്നവരിൽ ഒരു മലയാളി കായികതാരമോ പരിശീലകനോ ഉണ്ടാവില്ല. ആജീവനാന്ത സേവനത്തിനുള്ള ധ്യാൻചന്ദ് പുരസ്കാരം നേടിയ ഒളിമ്പ്യൻ ജിൻസി ഫിലിപ്പിൽ ഒതുങ്ങുന്നു ഇത്തവണത്തെ കേരളത്തിന്റെ കായികശോഭ. സാധാരണ ഗതിയിൽ ഒന്നോ രണ്ടോ ഖേൽരത്നകളിലും 15 അർജുനകളിലും പുരസ്കാരങ്ങൾ ക്ളിപ്തപ്പെടുത്തുമ്പോൾ ഇത്തവണ പതിവില്ലാത്തവിധം അഞ്ച് ഖേൽരത്നകളും 27 അർജുനകളുമാണ് സമ്മാനിക്കുന്നത്.

മുമ്പ് ഖേൽരത്ന നേടിയവരെപ്പോലും താഴെയുള്ള അർജുനയ്ക്കായി പരിഗണിച്ച സെലക്ഷൻ കമ്മിറ്റിയുടെ കണ്ണിൽഎന്നിട്ടും അർഹതയുണ്ടായിരുന്ന മലയാളികളാരും പെടാഞ്ഞതിൽ അതിശയമില്ല. ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിലിരുന്ന് പുരസ്കാരങ്ങൾ പങ്കിട്ടുകൊടുമ്പോൾ അർഹതയെന്നത് അനാവശ്യമായൊരു അലങ്കാരമായി മാറാറുണ്ട്. കഴിവുള്ളവരുടെ പേരിനുമീതെ വരയപ്പെടുന്ന ചുവപ്പുമഷിയാണ് എല്ലായ്പ്പോഴും ദേശീയ കായിക പുരസ്കാരങ്ങൾക്ക് വിവാദങ്ങളുടെ നിറം ചാർത്തുന്നത്. അർഹതയുള്ളവരിലേക്ക് എത്താത്തത് അവാർഡുകളുടെ തിളക്കമാണ് ചോർത്തുന്നത്.

ദേശീയ കായിക ദിനമായ ഇന്ന് പ്രഖ്യാപിക്കപ്പെട്ട പ്രഥമ കേരള കൗമുദി കായിക പുരസ്കാരങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്.ഇതിനകം ദേശീയ കായിക പുരസ്കാരങ്ങൾ നേടിയവരെക്കൂടാതെ അതിന് യോഗ്യരായ നിരവധി പ്രതിഭകൾ കായിക കേരളത്തിലുണ്ടെന്ന ഒാർമ്മപ്പെടുത്തൽ. രാജ്യത്തിനായി അവരൊഴുക്കിയ വിയർപ്പിന് രത്നത്തിളക്കമുണ്ടെന്ന് പുതിയ തലമുറയെക്കൂടി ചിന്തിപ്പിക്കാനുള്ള ഏളിയ ശ്രമം.

ജോ പോൾ അഞ്ചേരിയും ജോബി ജോസഫും പി.അനിൽകുമാറും ടിനു യോഹന്നാനും അപർണാ ബാലനും ഇന്ത്യയുടെ കായിക ചരിത്രത്തിലെ അമൂല്യരനങ്ങളാണ്. ഈ അതുല്യപ്രതിഭകളുടെ അസുലഭ നേട്ടങ്ങൾക്കുള്ള പ്രണാമമാണ് കേരള കൗമുദി കായികരത്ന പുരസ്കാരം. പതിറ്റാണ്ടുകളുടെ പ്രവർത്തനമികവിനാണ് ടി.കെ ചാത്തുണ്ണിയും ടി.പി.ഔസേഫും പി.എ ജോസഫും ആചാര്യരത്ന പുരസ്കാരത്തിലൂടെ ആദരിക്കപ്പെടുന്നത്.