robbery

കോഴിക്കോട്: സിനിമകളിൽ മലയാളി കണ്ട് പൊട്ടിചിരിച്ച മോഷണം ജീവിതത്തിലും യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചിരിക്കുകയാണ് ഒരു കള്ളൻ. സിനിമയിലെ മോഷണം കോഴിക്കോടുള്ള ഈ കള്ളൻ ജീവിതത്തിൽ അതേപടി പകർത്തുകയായിരുന്നു. പക്ഷേ പലനാൾ കള്ളൻ ഒരു നാൾ കോഴിക്കോട് പൊലീസിന്റെ പിടിയിലായി. കിണ്ണം കട്ട കള്ളൻ, ടോക്കിയോ നഗറിലെ വിശേഷങ്ങൾ തുടങ്ങി ചിത്രങ്ങളിൽ ജഗതി ശ്രീകുമാർ അഭിനയിച്ച് തകർത്ത മോഷണമാണ് അനീഷും പ്രാവർത്തികമാക്കിയത്. രണ്ട് സിനിമകളിലും ജഗതിയുടെ കഥാപാത്രം മോഷ്‌ടിക്കാൻ ശ്രമിച്ചത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണെങ്കിൽ ജീവിതത്തിലെ മോഷണത്തിലും നെല്ലിക്കോട് പറയരുകണ്ടികാരനായ അനീഷ് മോഷ്‌ടിച്ചത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ തന്നെയാണ്.

മാവൂർ റോഡ് മർക്കസ് കോംപ്ലക്സിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്നാണ് രണ്ടു ലക്ഷത്തോളം രൂപയുടെ ബാറ്ററികൾ വിദഗ്ധമായി മോഷ്ടിച്ച അനീഷ് പൊലീസുകാർക്കും നാട്ടുകാർക്കും കൗതുകമായത്. കൊവിഡ് കാലമായതിനാൽ സ്ഥാപനം ഏറെ നാളായി അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ മോഷ്‌ടാവ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ഗ്ലാസ്ഡോറിന്റെ പൂട്ട് തകർത്ത് അകത്തു കയറി. ബാറ്ററിയുടെ കണക്ഷൻ‌ അറുത്തുമാറ്റിയ ശേഷം കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നു തലയിൽ ചുമന്ന് താഴെ എത്തിച്ചു. തുടർന്ന് തൊട്ടടുത്ത മാളിനുസമീപം ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികളെ വിളിച്ചുകൊണ്ടുവന്നു. ഇയാൾ പാളയത്ത് നിന്ന് ഗുഡ്സ് ഓട്ടോയും വിളിച്ചു കൊണ്ടു വന്നിരുന്നു. സ്വന്തം കടയാണെന്നാണ് ഇവരോടെല്ലാം പറഞ്ഞത്. മോഷണമാണെന്ന് ആർക്കും സംശയം തോന്നാതിരിക്കാൻ അനീഷ് പ്രത്യേകം ശ്രദ്ധിച്ചു. ചുമട്ടുകൂലി കൊടുത്ത ശേഷം ബാറ്ററികൾ ഗുഡ്സ് ഓട്ടോയിൽ കയറ്റി പൊറ്റമ്മലിലെ ഒരു കടയിലേക്കാണ് എത്തിച്ചത്. ഇവിടെ എത്തിയ ശേഷം കിലോയ്ക്ക് 65 രൂപ നിരക്കിൽ ബാറ്ററികൾ വിറ്റു കാശും വാങ്ങി.

പരപ്പനങ്ങാടി ഭാഗത്ത് കറങ്ങി നടന്ന പ്രതിയെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി നടക്കാവ് പ്രിൻസിപ്പൽ എസ്.ഐ കൈലാസ് നാഥ്, എസ്.ഐ വി.ആർ. അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. നോർത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്, ഷഹീർ, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിറ്റ ബാറ്ററികൾ‍ പൊറ്റമ്മലിലെ കടയിൽ നിന്നും കണ്ടെടുത്തു. ബാറ്ററികൾക്ക് ഓരോന്നിനും ശരാശരി 14000 രൂപയാണു യഥാർത്ഥവില.

അതിവിദഗ്‌ധനായ കള്ളനെ പിടിക്കാൻ പൊലീസ് നാട് മുഴുവൻ അരിച്ചുപറക്കിയാണ് തിരച്ചിൽ നടത്തിയത്. ഒടുവിൽ സമാനമായ മോഷണങ്ങൾ നടത്തിയവരുടെ വിവരങ്ങളും തൊഴിലാളികൾ പറഞ്ഞ കാര്യങ്ങളും ഉപയോഗിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

പാചകവാതക ലോറിയിലെ ലോഡടക്കം മോഷ്ടിക്കാൻ ശ്രമിച്ചത് ഉൾപ്പടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് അനീഷെന്ന് പൊലീസ് അറിയിച്ചു. നാട്ടിലെ വലിയ മോഷണത്തിന്റെ അണിയറ കഥയാണ് മാവൂരിൽ ഇപ്പോഴത്തെ സംസാര വിഷയം. അനീഷിനെ വിശ്വസിച്ച് പണിയെടുത്ത ചുമട്ടുതൊഴിലാളികളും ഓട്ടോക്കാരും അടക്കമുള്ളവർ സംഭവം അറിഞ്ഞതോടെ താടിയ്‌ക്ക് കൈ വച്ച് ഇരിപ്പാണ്.