യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകൾ അനുഭവങ്ങളാണ്. എന്നാൽ, ഒരു സാധാരണക്കാരനും കടന്നു ചെന്നിട്ടില്ലാത്ത ഒരു സ്ഥലമുണ്ട്. അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ച ഈ ലോകത്ത് മനുഷ്യന് വ്യക്തതയില്ലാത്ത ഒരു സ്ഥലം. നിഗൂഢതകളുടെ പറുദീസ.
രഹസ്യങ്ങളും നിഗൂഢതകളും കണ്ടെത്താൻ ശാസ്ത്ര ലോകത്തിനു വല്ലാത്തൊരു കൗതുകമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നിഗൂഢമായ സ്ഥലം ഏതാണ്? ഈ ചോദ്യത്തിന് വർഷങ്ങളായി സൈബർ ലോകത്ത് മുഴങ്ങുന്ന ഉത്തരം 'എരിയ 51' എന്നാണ്. അമേരിക്കയിലെ നെവാദയിലാണ് ഈ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല. പല കഥകളും ഈ സ്ഥലത്തെ കുറിച്ച് കാലങ്ങളായി പ്രചരിക്കുന്നുണ്ട്. അന്യഗ്രഹ ജീവികളുടെ വിഹാരകേന്ദ്രമാണ് ഈ സ്ഥലമെന്നും അമേരിക്കയുടെ രഹസ്യ ആയുധ നിർമാണം ഇവിടെയാണെന്നുമുള്ള കഥകളുമുണ്ട്.
ലോകത്ത് നിരവധി പ്രദേശങ്ങളിൽ കടന്നു ചെല്ലുന്നതിന് വിലക്കുകളുണ്ട്. അത്തരം വിലക്കുള്ള പ്രദേശമാണ് ഏരിയ 51. ആ പ്രദേശത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകമറിയില്ല. നെവാദൻ മരുഭൂമിയിലെ ഏരിയ 51 എന്ന രഹസ്യ മിലിട്ടറി ബേസിൽ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് ? ലോകം സംശയിക്കുന്നത് പോലെ അത് ഒരു ഏലിയൻ റിസർച്ച് സെന്ററാണോ ? ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത സ്ഥലമാണത്. ഒരു ഹൈലി ക്ലാസിഫൈഡ് റിസർച്ച് ഫെസിലിറ്റിയാണ് ഇതെന്നാണ് സർക്കാർ ഭാഷ്യം.
പലപ്പോഴും യുഎസിലെ ലാസ് വെഗാസിലെ മകാറൻ വിമാനത്താവളത്തിൽ നിന്നും ചുവന്ന വരകളുള്ള ചില വിമാനങ്ങൾ സായുധരായ സൈനികർ കാവൽ നിൽക്കുന്ന ടെർമിനൽ വഴി പറന്നുയരും. ഈ വിമാനങ്ങൾ വരുന്നതിന്റെയോ പറന്നുയരുന്നതിന്റേയോ അറിയിപ്പ് യാത്രക്കാർക്ക് ഒരിക്കലും ലഭിക്കാറില്ല. ഏരിയ 51ലേക്കാണ് ഈ ചുവപ്പു വരയൻ വിമാനങ്ങളുടെ സഞ്ചാരമെന്നാണ് ചിലരുടെ വിശ്വാസം. എല്ലാവിധ രഹസ്യാത്മകതയും സൂക്ഷിക്കുന്ന ഇത്തരം ബോയിംഗ് 737 വിമാനങ്ങളുടെ നമ്പർ ആരംഭിക്കുന്നത് xxxലാണ്.
പിന്നിട്ട അൻപത് കൊല്ലം
വർഷം 50 കഴിഞ്ഞു ഈ പ്രദേശം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട്. 2013ൽ ഈ എരിയ 51 എന്നത് സങ്കല്പ ലോകമല്ല യാഥാർത്ഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്തു. അമേരിക്കൻ വ്യോമസേനയുടെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഔദ്യോഗിക നാമം നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് എന്നാണ്. എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമാണ് ഈ കേന്ദ്രം. വിമാനങ്ങളും ഡ്രോണുകളും പരീക്ഷണ പറക്കലിനാണ് ഈ പ്രദേശം ഉപയോഗിക്കുന്നതെന്നും മനുഷ്യവാസം കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാലാണ് ഇത്തരമൊരു പ്രദേശത്തെ തിരഞ്ഞെടുത്തതെന്നുമാണ് അമേരിക്ക പറയുന്നത്. അമേരിക്ക പിടിച്ചുവച്ച പറക്കുംതളികകളും അന്യഗ്രഹജീവികളും ഇവിടെയാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ഒരു തിയറി അടിസ്ഥാനമാക്കി 2012 ൽ നാഷണൽ ജിയോഗ്രഫിക് ചാനൽ ഒരു ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തിരുന്നു.
ആരും മിണ്ടില്ല
ഇതേവരെ ഒരു അമേരിക്കൻ പ്രസിഡന്റും ഈ സ്ഥലത്തെപ്പറ്റി പറയാൻ തയ്യാറായിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഏരിയ 51ലെ യുഎഫ്ഒ ഫയലുകളിൽ കാര്യമായി ഒന്നുംതന്നെ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഭാര്യ ഹിലരി ക്ലിന്റൺ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ആ അനേഷണത്തിന് എന്ത് സംഭവിച്ചു എന്നറിയില്ല. അമേരിക്ക ചന്ദ്രനിലിറങ്ങിയത് ഏരിയ 51ൽ സെറ്റ് ഇട്ട് ചിത്രീകരിച്ച നാടകമാണെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്. 1955 മുതൽ പ്രവർത്തനം ആരംഭിച്ച ഏരിയ 51 ഉണ്ടെന്ന് അമേരിക്കയും സിഐഎയും സമ്മതിച്ചത് തന്നെ 2013ലായിരുന്നു. ലോകത്തെ ഏറ്റവും നിഗൂഢമായ സൈനിക താവളങ്ങളിലൊന്നാണ് ഏരിയ 51 എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഏരിയ 51നെ കുറിച്ച് അധികം കാര്യങ്ങൾ പുറത്തുവരാനുള്ള സാദ്ധ്യതയും കുറവാണ്. ആരെയും അങ്ങോട്ട് അടുപ്പിക്കാത്ത സാഹചര്യത്തിൽ ഏരിയ 51 നെക്കുറിച്ചുള്ള നിഗൂഢതകൾ അവസാനമില്ലാതെ തുടരുക തന്നെ ചെയ്യും.