onam

തിരുവനന്തപുരം: നാളെ ഉത്രാടം. തിരുവോണത്തിന് സദ്യയൊരുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കുള്ള ദിവസം. നാടൊന്നാകെ വിപണിയിലേക്ക് ഇറങ്ങുന്ന ഉത്രാടപ്പാച്ചിൽ. കഴിഞ്ഞ വർഷങ്ങളിലൊക്കെ അങ്ങനെയായിരുന്നു. പക്ഷേ, ഇക്കുറി കൊവിഡ് മഹാമാരി എല്ലാം തകർന്നു. വ്യാപാര കേന്ദ്രങ്ങളിലൊക്കെ തിരക്കിന് കുറവൊന്നുമില്ലെങ്കിലും സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം. ഒരുപക്ഷേ, നിയന്ത്രണങ്ങളോടെ മലയാളികൾ ഓണം ആഘോഷിക്കുന്നത് ഇതാദ്യമായിട്ടാകും. ഓണക്കാലം പ്രമാണിച്ച് ചില നിയന്ത്രണങ്ങളിൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നിരത്തിൽ പൊതുവേ തിരക്കുണ്ട്. നാളെ ഉത്രാടപ്പാച്ചിലായതിനാൽ സാമൂഹിക അകലം പാലിച്ച് സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള തിരക്കിലാണ് മലയാളികൾ.

ഉത്രാടപ്പൂവിളിയില്ല,​ ഓണാഘോഷങ്ങളും

കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ ഓണത്തിന് പൂക്കളത്തിന്റെ ശോഭ ഉണ്ടാകില്ല. അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന പൂക്കൾ ഉപയോഗിച്ചുള്ള അത്തമിടീൽ വേണ്ടെന്ന നിർദേശം സർക്കാർ നീക്കിയെങ്കിലും പൂക്കളങ്ങൾ പലയിടത്തും സജിവമല്ല. ക്ളബ്ബുകളും സംഘടനകളുമെല്ലാം ഓണാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സർക്കാർ വക ഓണാഘോഷവും ഇല്ല. അതിനാൽ ഓണനാളുകളിൽ മലയാളി ഇത്തവണ വീട്ടിൽ ഒതുങ്ങിക്കൂടും.

ഓണക്കോടി വേണം

കൊവിഡാണെങ്കിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കടകൾ പ്രവർത്തിക്കുന്നതിനാൽ ഓണക്കോടി വാങ്ങാൻ ജനം കടകളിൽ എത്തുന്നുണ്ട്. ഉത്രാട ദിനത്തിൽ തിരക്ക് പാരമ്യതയിലെത്തും. പക്ഷേ,​ കൊവിഡ് ആയതിനാൽ ഇത്തവണത്തെ ഓണത്തിന് കുഞ്ഞുങ്ങളെ കൊണ്ടുപോകാതെ ഓണക്കോടി വാങ്ങാൻ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. കൊവിഡിന്റെ രൂക്ഷത അറിയാവുന്ന കുട്ടികൾ നിർബന്ധം പിടിക്കുന്നുമില്ല. കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് പുറത്തിറങ്ങാൻ നിയന്ത്രണങ്ങളുള്ളതിനാൽ അവർ ഓണക്കോടി എടുക്കുന്നത് നീട്ടിവച്ചിട്ടുണ്ട്.

ഇൻസ്റ്റന്റ് ഓണസദ്യ

അഞ്ച് മാസമായി അടച്ചിട്ടിരുന്ന കേറ്ററിംഗ് ബിസിനസുകാർക്ക് ഈ ഓണം അതിജീവനത്തിന്റേതാണ്. കോളേജുകളിലും സർക്കാർ,​ സ്വകാര്യ സ്ഥാപനങ്ങളിലും ഓണാഘോഷത്തിന് വിലക്കുള്ളതിനാൽ ഇത്തവണ വീടുകളിൽ ഓണസദ്യ എത്തിക്കുന്നതിനുള്ള അവസാനവട്ട ഓർഡർ സ്വീകരിക്കുന്ന തിരക്കിലാണ് കാറ്ററിംഗ് സർവീസുകാർ. ഹോട്ടലുകളും ഒട്ടുംപിന്നിലല്ല. ഉത്രാടം മുതൽ അ‍ഞ്ചാം ഓണം വരെ ഓണസദ്യ വീട്ടിലെത്തിച്ചു നൽകും. 125 രൂപാ മുതലാണ് ഇൻസ്റ്റന്റ് ഓണസദ്യയുടെ നിരക്ക്. 250 രൂപ വരെ മുടക്കിയാൽ സാമാന്യം വിഭവങ്ങളുള്ള ഇൻസ്റ്റന്റ് ഓണസദ്യ വീട്ടിലെത്തും. ഇതിനൊപ്പം പാലട,​ പഴം,​ കടല പായസങ്ങളും ലിറ്ററിന് 175 രൂപ മുതലാണ് വില.

നിരീക്ഷണം, കരുതൽ

മാനദണ്ഡങ്ങൾ പാലിക്കാതെ ഓണം ആഘോഷിക്കാൻ ഇറങ്ങിയാൽ കൊവിഡ് പകരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 നിരീക്ഷണത്തിന് ഓരോ താലൂക്കുകളിലും പ്രത്യേകം സ്‌ക്വാഡുകൾ. തിരുവനന്തപുരം ജില്ലയിലാകെ 30 സ്‌ക്വാഡുകൾ

 മാർക്കറ്റുകളിൽ കൊവിഡ് പരിശോധന. പൊതുയിടങ്ങളിൽ പരിശോധനയ്ക്കുള്ള കിയോസ്‌കുകൾ
 സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും ഫൈറ്റ്‌ കൊവിഡ്‌ ട്രിവാൻഡ്രം എന്ന ഹാഷ്‌ ടാഗിലൂടെ കൊവിഡ്‌ പ്രതിരോധ പ്രചാരണം

 ഓണാഘോഷം വീടുകളിൽ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ 'കൊവിടോണം' നടപ്പാക്കും

 റിവേഴ്‌സ്‌ ക്വാറന്റൈൻ ശക്തമാക്കി

 കൊവിഡ് അറിയാൻ പൾസ്‌ ഓക്സീമീറ്റർ പരിശോധന നടത്തും
 വയോജനങ്ങൾ, കുട്ടികൾ, ‌കിടപ്പുരോഗികൾ, ഗർഭിണികൾ വിഭാഗത്തിൽപെട്ടവർക്ക് പരിശോധന

പൊലീസും ഒരുങ്ങി

ഉത്രാടദിനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് കണ്ണും കാതും കൂർപ്പിച്ച് പൊലീസ് എല്ലായിടത്തുമുണ്ടാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്താൽ അവർ ഇടപെടും. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.