spb-and-son

ചെന്നൈ: ഓഗസ്‌റ്റ് ആദ്യം മുതൽ കൊവിഡ് ചികിത്സയിൽ കഴിയുന്ന പ്രസിദ്ധ ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് മകൻ എസ്.പി. ചരൺ. അപ്പയെ ചികിത്സിക്കുന്ന ഡോക്‌ടർമാരുമായി ചർച്ച നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില ഭദ്രമാണെന്നും ചരൺ അറിയിച്ചു.

'അപ്പയുടെ ആരോഗ്യ സ്ഥിതിയിൽ കുഴപ്പങ്ങളില്ല.അദ്ദേഹത്തിന്റെ ആരോഗ്യനില ഭദ്രമാണ്.തിരിച്ച് വരവിന്റെ പാതയിലാണ് അപ്പ. ഇതൊരു ശുഭ സൂചനയാണ്. മാത്രമല്ല അദ്ദേഹത്തിന് ഫിസിയോതെ‌റാപ്പി നടത്തുന്നുണ്ട്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നവർക്കും നന്ദി' ചരൺ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. താൻ ഇന്ന് അച്ഛനെ സന്ദർശിച്ചിട്ടില്ലെന്നും ചരൺ പറഞ്ഞു.

ചെറിയ ലക്ഷണങ്ങളോടെയുള‌ള കൊവിഡ് തനിക്ക് സ്ഥിരീകരിച്ചതായി ഓഗസ്‌റ്റ് 5നാണ് എസ്.പി.ബി തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.എന്നാൽ നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ അവസ്ഥ മോശമായതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള‌ള‌റ്റിൻ പുറത്തിറക്കിയിരുന്നു. ചെന്നൈയിലെ എംജിഎം ആശുപത്രിയിലാണ് എസ്.പി. ബാലസുബ്രഹ്‌മണ്യം ചികിത്സയിലുള‌ളത്. ഓഗസ്‌റ്റ് 13 മുതൽ ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.