ന്യൂഡൽഹി: കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ കോൺഗ്രസ് 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറയുന്നു. സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിക്ക് കരുത്താകും. താഴെ തട്ട് മുതൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല. സംഘടനാ തിരഞ്ഞെടുപ്പ് 15 വർഷങ്ങൾക്ക് മുമ്പ് നടക്കേണ്ടതായിരുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങളായി പാർട്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃ സംവിധാനമില്ല. പല തിരഞ്ഞെടുപ്പുകളിലും പാർട്ടി പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നൊക്കെ മാറ്റം കൊണ്ടുവരാൻ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്.
സംഘടന തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചിലർ സംഘടന തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാൻ ശ്രമിക്കുന്നത്. നാമനിർദേശത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളായവരാണ് അവർ. അത് അങ്ങനെ തന്നെ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. തന്റെ ആവശ്യത്തെ എതിർക്കുന്ന പാർട്ടി ഭാരവാഹികൾ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളിൽ പ്രധാനിയാണ് ഗുലാം നബി ആസാദ്. തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത 27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.