ടോക്കിയോ: ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ (66) രാജിവച്ചു.
വർഷങ്ങളായി അലട്ടുന്ന രോഗം കഴിഞ്ഞയിടയ്ക്ക് വീണ്ടും മൂർച്ഛിച്ചതിനെ തുടർന്നാണ് രാജി തീരുമാനം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ആബെ പ്രധാനമന്ത്രിയായി തുടരും. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യം ആശുപത്രി സന്ദർശനം നടത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. ആബെ രാജിവയ്ക്കുമെന്നും സൂചനയുണ്ടായിരുന്നു.
'കഴിഞ്ഞ 13വർഷമായി ഞാൻ ഗുരുതരമായ രോഗത്തിന്റെ പിടിയിലാണ്. കഴിഞ്ഞ എട്ടുവർഷമായി അത് നിയന്ത്രണത്തിലായിരുന്നു. എന്നാലിപ്പോൾ മെഡിക്കൽ പരിശോധനയിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടതായി ഡോക്ടർമാർ വ്യക്തമാക്കി. നിരന്തരം മരുന്നുകഴിക്കേണ്ട അവസ്ഥയാണിപ്പോൾ. എനിക്ക് രോഗത്തിനെതിരെ പൊരുതേണ്ടതുണ്ട്. മറ്റൊന്നിലും ശ്രദ്ധിക്കാനാവില്ല. അനാരോഗ്യം മൂലം രാഷ്ട്രീയപരമായി ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നു. ഞാൻ പ്രധാനമന്ത്രി സ്ഥാനം വിടുകയാണ്'- ആബെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാലാവധി പൂർത്തിയാക്കാൻ ഇനി ഒരു വർഷം ബാക്കി നിൽക്കെ, കൊവിഡ് മഹാമാരിയേ നേരിടുന്നതിനിടെ, പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിൽ ജപ്പാനിലെ ജനങ്ങളോട് ഞാൻ മാപ്പു ചോദിക്കുന്നു. അടുത്ത പ്രധാനമന്ത്രി ചുമതലയേൽക്കും വരെ പദവിയിൽ തുടരുമെന്നും ആബെ വ്യക്തമാക്കി. ആമാശയത്തിലെ നീർക്കെട്ടാണ് ആബെയുടെ രോഗമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ രോഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആഴ്ചകളായി രാജ്യത്ത് പ്രചരിക്കുകയാണ്.
വൈദ്യ പരിശോധനകൾക്കായി അദ്ദേഹം രണ്ട് തവണ യാത്ര നടത്തിയിരുന്നു. ഒരു തവണ ഏഴ് മണിക്കൂറോളം അദ്ദേഹം ആശുപത്രിയിൽ ചെലവഴിച്ചിരുന്നു. പിന്നീട് അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചു.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഉദ്യോഗസ്ഥർ ആബെ കാലാവധി പൂർത്തിയാക്കില്ലെന്ന ഊഹാപോഹങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടത്തിയിരുന്നു.
റെക്കാഡിട്ട പ്രധാനമന്ത്രി
ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഷിൻസോ ആബെ ഏറ്റവുമധികം കാലം ജപ്പാൻ പ്രധാനമന്ത്രിയായി എന്ന റെക്കാർഡിന് ഉടമയാണ്.
2006 ലാണ് ആബെ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
ഒരു വർഷത്തിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ കാരണം സ്ഥാനം ഒഴിഞ്ഞു.
2012ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2017 ഒക്‌ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആബെയുടെ പാർട്ടി വൻവിജയം നേടി.
സാമ്പത്തിക പരിഷ്‌കരണം, സുനാമി പുനരധിവാസം, അയൽ രാജ്യമായ ചൈനയുമായുള്ള തർക്കങ്ങൾ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് ലിബറൽ പാർട്ടി അധികാരത്തിലെത്തിയത്.
വീണ്ടും അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി.
2021 സെപ്തംബർ വരെ അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള കാലാവധി ഉണ്ടായിരുന്നു.
ആബേയ്ക്ക് പകരം താരോ ആസോ?
ഷിൻസോ ആബേയ്ക്ക് പകരം നിലവിലെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ താരോ ആസോ (79) പ്രധാനമന്ത്രിയാകുമെന്ന് റിപ്പോർട്ടകളുണ്ട്.
പാർട്ടിയിലെ ആദ്യകാല നേതാക്കളിൽ ഒരാളുടെ പേരക്കുട്ടിയാണ് ആസോ. ആബേ മന്ത്രിസഭയിൽ പല നിർണായ സന്ദർഭങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആബേയുടെ പിൻഗാമിയായി പാർട്ടി ആസോയെ തിരഞ്ഞെടുക്കുമെന്നാണ ഒരുവിഭാഗം വിലയിരുത്തുന്നത്. എന്നാൽ, മുതിർന്ന നേതാക്കളായ ഷിഗരു ഇഷിബിയ, ഫുമിയോ കിഷിദ, താരോ കോനോ, യോഷിഹിഡെ സുഗ, ഷിൻജിരോ കോയിസുമി തുടങ്ങിയ വമ്പൻമാരും പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.