ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജിവച്ചത്. സ്ഥിരമായ ചികിത്സ വേണ്ടതിനാലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത് എന്നാണ് ഷിൻസോ അബെയുടെ പ്രതികരണം. ജനങ്ങളിൽ നിന്നുള്ള ഉത്തരവ് ആത്മവിശ്വാസത്തോടെ നിറവേറ്റാൻ ഇപ്പോൾ തനിക്ക് കഴിയാത്തതിനാൽ, പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ താൻ തീരുമാനിക്കുകയായിരുന്നു എന്ന് രാജി പ്രഖ്യാപനത്തിൽ അദ്ദേഹം വ്യക്തമാക്കി.
അബെയ്ക്ക് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര് വരും എന്ന കാര്യത്തിൽ ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. ധനമന്ത്രി ടാരോ അസോ, ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡ് സുഗ എന്നിവരുൾപ്പെടെയുള്ള പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. അബെ രാജിവയ്‌ക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ നേരത്തെ തന്നെ ജപ്പാനിലെ ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
അബെ ഈ മാസം മൂന്ന് ദിവസത്തെ അവധി നേരത്തെ എടുത്തിരുന്നു. ഓഗസ്റ്റ് 17ന് ഒരു അപ്രഖ്യാപിത ആശുപത്രി സന്ദർശനവും അദ്ദേഹം നടത്തിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി ഏഴു മണിക്കൂറിലധികമാണ് അബെ അവിടെ ചെലവഴിച്ചത്.