ന്യൂഡൽഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും കൊവിഡ് ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. ഇവിടങ്ങളിൽ പരിശോധനകളും പ്രതിരോധവും ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്‌മീരിലുമാണ് കഴിഞ്ഞ രണ്ടാഴ്‌ചയിൽ 89 ശതമാനം മരണനിരക്കും.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമൊത്ത് ഈ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് രാജീവ് ഗൗബ ഈ വിവരം അറിയിച്ചത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, തെലങ്കാന,ഗുജറാത്ത്,പശ്ചിമ ബംഗാൾ,ഉത്തർ പ്രദേശ്, പഞ്ചാബ്,ആന്ധ്രപ്രദേശ്, ജമ്മു കാശ്‌മീർ എന്നിവയാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും.
കോൺഫറൻസിൽ വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഓരോ ജില്ലകളിലെ രോഗ സാഹചര്യവും അവിടെ പരിശോധനകളും, സമ്പർക്ക പട്ടിക തയ്യാറാക്കലും, സർവൈലൻസ്, കണ്ടെയിൻമെന്റ്, ഹോം ഐസൊലേഷൻ, ആംബുലൻസുകളുടെ ലഭ്യത, ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത എന്നിവ യോഗത്തിൽ വിശദമായി അവതരിപ്പിച്ചു. ബുധനാഴ്‌ച ലോകത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്‌തത് ഇന്ത്യയിലാണ്. 75000നു മുകളിലായിരുന്നു രോഗികളുടെ എണ്ണം.
രോഗം സ്ഥിരീകരിച്ചവരെ കണ്ടെയിൻമെന്റ് ചെയ്യാനും അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനും നടപടികൾ വേഗത്തിലാക്കണമെന്നും 72 മണിക്കൂറിനകം ഇവ സാദ്ധ്യമാക്കണമെന്നും രാജീവ് ഗൗബ ആവശ്യപ്പെട്ടു. പ്രതിദിനം പത്ത് ലക്ഷം പേരിൽ 140 പേരെ പരിശോധനാ വിധേയമാക്കണമെന്നും ആംബുലൻസുകൾ, കിടക്കകൾ എന്നിവയുടെ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശവും കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച നടപടികളും സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയിലെ ലഭ്യമായ സൗകര്യങ്ങളും യോഗത്തിൽ കേന്ദ്രത്തെ അറിയിച്ചു.