തിരുവനന്തപുരം: വർഷങ്ങളായി പൂജപ്പുര സെൻട്രൽ ജയിലിൽ നടന്നുവന്ന പൂരാടച്ചന്ത കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ വേണ്ടെന്ന് വച്ചു. ഇന്നാണ് പൂരാടച്ചന്ത നടക്കേണ്ടിയിരുന്നത്. ഓണം ലക്ഷ്യമിട്ട് ജയിലിൽ തടവുകാർ വിളയിക്കുന്ന പച്ചക്കറികൾ പൂരാട ദിനത്തിൽ പൊതുജനങ്ങൾക്ക് വിൽക്കുമായിരുന്നു. ജില്ലയിലെ മറ്റു ജയിലുകളിൽ വിളയിക്കുന്ന പച്ചക്കറികളും പൂജപ്പുരയിലെത്തിച്ച് വിൽപന നടത്തുമായിരുന്നു. ജയിലിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്നാണ് ഇക്കുറി പൂരാടച്ചന്ത വേണ്ടെന്ന് വച്ചത്. ഇതോടൊപ്പം ജയിലിലെ ഓണാഘോഷവും ഉപേക്ഷിച്ചിട്ടുണ്ട്. ജയിലിലുള്ള തടവുകാരുടെ സുരക്ഷ പോലെ തന്നെ പൊതുജനങ്ങളുടെ സുരക്ഷയും പ്രധാനമാണ്. അതുകൊണ്ടാണ് ഇക്കുറി പച്ചക്കറി വിൽപ്പന വേണ്ടെന്ന് വച്ചതെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
ഭൂരിഭാഗവും കൊവിഡ് മുക്തരായി
ജയിലിൽ കൊവിഡ് ബാധിച്ച 477 പേരിൽ 429 പേർക്കും രോഗം ഭേദമായി. രണ്ടാംഘട്ടം നടത്തിയ പരിശോധനയിൽ ഇവരെല്ലാം തന്നെ നെഗറ്റീവ് ആയതായി സൂപ്രണ്ട് പറഞ്ഞു. 61 പേരുടെ ഫലം പോസിറ്റീവായി തുടരുകയാണ്. പൂജപ്പുരയിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉള്ളതിനാൽ ജില്ലയിലെ മറ്റ് ജയിലുകളിൽ രോഗം ബാധിച്ച തടവുകാരെ ചികിത്സിക്കുന്നതും പൂജപ്പുരയിലാണ്. ഈ 61 പേരടക്കം 100 പേർ ഇനിയും രോഗമുക്തരാകാനുണ്ട്. അതേസമയം, തടവുകാർ വീണ്ടും രോഗബാധിതരാകാനുള്ള സാദ്ധ്യത അധികൃതർ തള്ളുന്നില്ല. അതിനാൽ രോഗം ഭേദമായവരെ അതീവസുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പാർപ്പിച്ചിരിക്കുന്നത്. ജയിലില ഒരു ബ്ളോക്ക് പൂർണമായും ഫസ്റ്ര് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആക്കിയാണ് ചികിത്സ.