ivanka

വാഷിംഗ്ടൺ: അമേരിക്കയിലെമ്പാടും പരസ്യമായ രഹസ്യമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യയായ മെലാനിയയും ആദ്യ ഭാര്യയിലുണ്ടായ മകളായ ഇവാൻകയും തമ്മിലുള്ള ശീതസമരം. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലും ഇരുവരും തമ്മിലുള്ള നീരസം പ്രകടമാണ്. റിപ്പബ്ലിക് നാഷണൽ കൺവൻഷനിടയിൽ നിന്നുള്ള വീഡിയോ ദൃശ്യമാണിത്. പാർട്ടി അണികളെ അഭിസംബോധന ചെയ്യുകയാണ് ട്രംപ്, എന്നാൽ കാണികളുടെ ശ്രദ്ധ പതിഞ്ഞത് ഇവാൻകയെ അഭിവാദ്യം ചെയ്ത മെലാനിയയുടെ മുഖത്തേക്കാണ്.

ട്രംപിനെ പ്രസം​ഗത്തിനായി സ്വാ​ഗതം ചെയ്ത് തിരികെ പോകുന്നതിനിടെ ഇവാൻക മെലാനിയയെ നോക്കി പുഞ്ചിരിച്ചു. ഇതിനു മെലാനിയ തിരികെ ചിരിച്ചെങ്കിലും മുഖത്തെ പുഞ്ചിരി സെക്കൻഡുകൾക്കുള്ളിൽ മായുന്നുണ്ട്. ഇവാൻകയോടുള്ള അതൃപ്തിയാണ് മെലാനിയയുടെ മുഖത്ത് തെളിഞ്ഞതെന്നാണ് സമൂഹമാദ്ധ്യമങ്ങളുടെ കണ്ടെത്തൽ. ട്വിറ്ററിൽ പങ്കുവെച്ച് വെറും മൂന്നുമണിക്കൂറിനുള്ളിൽ തന്നെ 70 ലക്ഷം പേരാണ് പേരാണ് വീ‍ഡിയോ കണ്ടിരിക്കുന്നത്.

മെലാനിയയുടെ സുഹൃത്തും മുൻ ഉപദേശകയുമായ സ്റ്റെഫാനി വിൻസ്റ്റൺ പുറത്തിറക്കുന്ന

'മെലാനിയ ആൻഡ് മീ" എന്ന പുസ്തകത്തിൽ മെലാനിയയും ഇവാൻകയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് പീപ്പിൾ മാ​ഗസിൻ റിപ്പോർട്ട് ചെയ്യുന്നു. പുസ്തകത്തിൽ നിരവധി ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് വിവരം. ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്‌നറും മെലാനിയയെ പലപ്പോഴും നിയന്ത്രിക്കാറുണ്ടെന്നും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.