dr-kotnis

ബീജിംഗ്: 'ഇന്ത്യ- ചൈന സ്നേഹബന്ധത്തിന്റെ അനശ്വര പ്രതീകമെന്ന് വിശേഷിപ്പിച്ച്' ഇന്ത്യൻ ഡോക്ടർ ദ്വാരകനാഥ് ശാന്താറാം കോട്നിസിന്റെ വെങ്കല പ്രതിമ നിർമ്മിച്ച് ചൈന. രണ്ടാം ലോകമഹായുദ്ധ കാലത്ത് ചൈനയിലേക്ക് വൈദ്യസഹായത്തിനായി ഇന്ത്യ അയച്ച അഞ്ചു ഡോക്ടർമാരിലൊരാളായ ഡോ. കോട്നിസ് ചൈനയ്ക്ക് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഈ ആദരവ്.

നോർത്ത് ചൈനയിലെ ഷിജിയാഷുവാങ് മെഡിക്കൽ സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച പ്രതിമ സെപ്തംബറിൽ അനാച്ഛാദനം ചെയ്യും.

1938 ലെ ചൈന -ജപ്പാൻ യുദ്ധത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് മാവോ സേതുങിന്റെ നേതൃത്വത്തിൽ നടന്ന ചൈനീസ് വിപ്ളവത്തിലും നിർണായകമായ മെഡിക്കൽ സഹായങ്ങൾ ചെയ്തയാളാണ് ഡോ. കോട്നിസ്.
1938ൽ മഹാരാഷ്ട്രയിലെ ഷോലാപൂരിൽ നിന്നും അഞ്ചംഗ ഡോക്ടർമാരുടെ സംഘത്തിലൊരാളായാണ് ഡോ. കോട്നിസ് ചൈനയിലെത്തുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയെ സഹായിക്കാൻ ഡോക്ടർമാരുടെ സംഘത്തെ അയച്ചത്.

അവിടെ യുദ്ധമുഖത്ത് സേവനം അനുഷ്ഠിച്ച ഡോ. കോട്നിസ് നിരവധി ജീവനുകൾ രക്ഷിച്ചു. അദ്ദേഹത്തിന്റെ സേവനത്തെ മാവോ സേതുങ് പ്രശംസിച്ചിരുന്നു. 'കെ ദിഹുവാ" എന്ന പേരിലാണ് ഡോ. കോട്നിസ് ചൈനയിൽ അറിയപ്പെട്ടിരുന്നത്.

1942ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. അതേ വർഷം, ഞരമ്പുകൾക്ക് ഗുരുതരമായ അസുഖം ബാധിച്ച് 32-ാമത്തെ വയസിൽ അദ്ദേഹം മരിച്ചു.

മറ്റ് ചില ചൈനീസ് നഗരങ്ങളിലും ഡോ. കോട്നിസിന്റെ പ്രതിമകളും സ്മാരകങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

കോട്‌നിസിന്റെ സ്മരണാർത്ഥം ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ ഷാജിയാഷുവാങിലെ മെഡിക്കൽ സ്കൂളിന്റെ പേര് 'ഷാജിയാഷുവാങ് കെ ദിഹുവ മെഡിക്കൽ സയൻസ് സെക്കൻഡറി സ്പെഷ്യലൈസ്ഡ് സ്കൂൾ' എന്നാക്കി മാറ്റിയിരുന്നു.
1992 ൽ സ്ഥാപിച്ച സ്കൂളിൽ നിന്ന് 45,000ത്തിലധികം വിദ്യാർത്ഥികൾ മെഡിക്കൽ ബിരുദം നേടിയിട്ടുണ്ട്. ഇന്നും ഇവിടത്തെ ഓരോ വിദ്യാർത്ഥിയും ഡോ. കോട്നിസിന്റെ നിലവിലെ കൽപ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞ ചൊല്ലാറുണ്ട്. 'അദ്ദേഹത്തെപ്പോലെ നിസ്വാർത്ഥമായി പ്രവർത്തിക്കുമെന്ന്.'
മെഡിക്കൽ രംഗത്തെ മാതൃകയായല്ല, ഇന്ത്യ -ചൈന സ്നേഹബന്ധത്തിന്റെ അനശ്വരമായ പ്രതീകമായാണ് ഡോ. കോട്നിസിനെ വിലയിരുത്തുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
ചൈനാക്കാരിയായ ഗുവോ ക്വിങ്‌ലാനെയാണ് ഡോ. കോട്നിസ് വിവാഹം കഴിച്ചത്. 2012ൽ ഇവർ മരിച്ചു. യിൻഹുവ മകനാണ്.

'ചൈനീസ് സേനയുടെ സഹായഹസ്തം നഷ്ടമായി. രാജ്യത്തിന് ആത്മാർത്ഥ സുഹൃത്തിനെയും. അദ്ദേഹത്തിന്റെ അന്താരാഷ്ട്രസ്നേഹത്തിന്റെ ഊ‌ർജ്ജം നമുക്ക് കാത്തുസൂക്ഷിക്കാം.'

- ഡോ. കോട്നിസിന്റെ മരണവാർത്തയറിഞ്ഞ മാവോസേ തുങ്ങ് പ്രതികരിച്ചതിങ്ങനെയാണ്.