ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആർ.ശിവദാസൻ അപേക്ഷ നൽകി. തിങ്കളാഴ്ച കേസ് പരിഗണിക്കാൻ ഇരിക്കെയാണ് അപേക്ഷ. കേസിൽ അന്തിമവാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കേസ് പരിഗണിക്കുമ്പോൾ സി.ബി.ഐക്ക് വേണ്ടി കോടതിയിൽ എത്തുക സോളിസിറ്റർ ജനറൽ തുഷാർ മേത്തയാകും.
നിലവിൽ ലോക്ക്ഡൗണിനെ തുടർന്ന് കോടതിയിൽ ഹർജികൾ പരിഗണിക്കുന്നത് വീഡിയോ കോൺഫെറൻസിലൂടെയാണ്. എന്നാൽ ലാവലിൻ അപ്പീലുകളിൽ വിശദമായ വാദംകേൾക്കൽ ആവശ്യമാണെന്നും അതിനാൽ തുറന്ന കോടതിയിൽ വാദം കേൾക്കൽ പുനരാംഭിക്കുന്നതുവരെ നീട്ടിവയ്ക്കണമെന്നുമാണ് ശിവദാസന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. തുറന്ന കോടതി നടപടി ആരംഭിക്കുന്നതിന് വാദത്തിന് തയ്യാറാകാൻ ആറ് ആഴ്ചത്തെ സമയവും അഭിഭാഷകൻ കോടതിയോട് ആരാഞ്ഞിട്ടുണ്ട്.
ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ. അതേസമയം എസ്‍.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചിലേക്കാണ് ഇപ്പോൾ കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഇതുവരെ ലാവ്‌ലിൻ കേസ് പരിഗണിച്ചിരുന്നത്.