തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസവും തദ്ദേശഭരണ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ട് മാസവും ശേഷിക്കവേ,സർക്കാരിനെകനത്ത പ്രഹരം നൽകാൻ തുനിഞ്ഞിറങ്ങിയിരിക്കുക തന്നെയാണ് പ്രതിപക്ഷം. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് ബാർ കോഴ വിഷയം ഉപയോഗിച്ച് ഇടതുപക്ഷം നടത്തിയ നീക്കത്തിന് സമാനമായ ആക്രമണം സ്വർണ്ണക്കടത്ത്,ലൈഫ് മിഷൻ വിവാദങ്ങളെ ഉപയോഗിച്ച് നടത്താനാണ് പ്രതിപക്ഷശ്രമം.സെക്രട്ടേറിയറ്റിനകത്തെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി.
തീപിടിത്തത്തിൽ അസ്വാഭാവികത ഒറ്റനോട്ടത്തിൽ പറയാനില്ലെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അതങ്ങനെയല്ലാതാക്കുന്നു. സർക്കാരിന് തലവേദന സൃഷ്ടിക്കുന്നതും ഇതാണ്. സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയുടെ പ്രസിഡന്റായ പി. ഹണിയുടെ നാക്കുപിഴ, ഇടി വെട്ടേറ്റ സർക്കാരിന്റെ തലയിൽ കല്ലുമഴ പെയ്യിക്കുന്നതായി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിരിക്കുന്നത് പ്രോട്ടോക്കോൾ ഓഫീസിനോടാണ് എന്നതാണ് തീപിടിത്ത വിവാദം കത്തിപ്പടരാൻ കാരണം.എന്നാൽ, കോൺഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് നീക്കമെന്ന വിലയിരുത്തലിലാണ് സി.പി.എം. തീപിടിത്തമുണ്ടായി നിമിഷങ്ങൾക്കകം ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രൻ സെക്രട്ടേറിയറ്റിലെത്തിയതിനെയും രാഷ്ട്രീയ ആയുധമാക്കി തിരിച്ചടിക്കുകയാണ് സി.പി.എം.നിയമസഭയിൽ നടന്ന അവിശ്വാസപ്രമേയ ചർച്ചയ്ക്ക് തൊട്ടുപിന്നാലെ വന്ന തീപിടിത്ത വിവാദത്തെ വിടാതെ പിടിച്ചിരിക്കുകയാണ് കോൺഗ്രസും യു.ഡി.എഫും.
അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി മൂന്നേ മുക്കാൽ മണിക്കൂറെടുത്ത് മറുപടി പറഞ്ഞതും സർക്കാരിനെ കണക്കിന് വിമർശിക്കുന്ന ദൃശ്യമാദ്ധ്യമങ്ങളെക്കൊണ്ട് മൂന്നേ മുക്കാൽ മണിക്കൂറും അത് ലൈവായി സംപ്രേഷണം ചെയ്യിക്കാനായതും നേട്ടമായാണ് സി.പി.എം വിലയിരുത്തുന്നത്. എന്നാൽ മൂന്നേ മുക്കാൽ മണിക്കൂർ മറുപടിയിൽ പ്രതിപക്ഷമുയർത്തിയ കാതലായ ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറയാത്തത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകി. ലൈഫ് മിഷൻ ആരോപണത്തെ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൊരിടത്തും സ്പർശിച്ചതേയില്ല.
എന്നാൽ, മുഖ്യമന്ത്രി പ്രസംഗം നീട്ടാനുള്ള നീക്കത്തിലാണെന്ന് തിരിച്ചറിഞ്ഞിട്ടും ആദ്യത്തെ മൂന്ന് മണിക്കൂറോളം പ്രതിപക്ഷം അയഞ്ഞ സമീപനം തുടർന്നത് സഭയ്ക്കകത്തെ ഫ്ലോർ മാനേജ്മെന്റിന്റെ വീഴ്ചയായി യു.ഡി.എഫിനകത്ത് വിമർശനമുയർന്നിട്ടുണ്ട്.ഒരു ഘട്ടത്തിൽ പശുകൃഷിയെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞില്ലല്ലോയെന്ന് പി.ജെ.ജോസഫ് ചോദിക്കുന്ന നില വരെയെത്തി.ധനാഭ്യർത്ഥന ചർച്ച പോലെ ആവശ്യങ്ങൾ പ്രതിപക്ഷമുയർത്തുകയും അതിന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്യുന്ന നിലയുണ്ടായത് ക്ഷീണമായി. ഇതിന് രണ്ടാംനിര നേതാക്കൾ പഴി ചാരുന്നത് പ്രതിപക്ഷ നേതൃത്വത്തെയാണ്.