വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ തെറ്റ് വിളിച്ച് പറഞ്ഞ് ട്രംപിന്റെ മരുമകൾ ലാറ. മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കനെ ഉദ്ധരിച്ച് ലാറ പറഞ്ഞ വാക്കുകൾ ലിങ്കന്റേതല്ല എന്നാണ് റിപ്പോർട്ടുകൾ.
'എബ്രഹാം ലിങ്കൺ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, അമേരിക്ക ഒരിക്കലും പുറമേ നിന്നുവന്ന വ്യക്തിയാൽ നശിപ്പിക്കപ്പെടില്ലെന്ന്. നമുക്ക് കാലിടറുകയോ സ്വാതന്ത്ര്യം നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിൽ അത് നാം സ്വയം നശിപ്പിച്ചതുകൊണ്ടായിരിക്കും.' എന്നാണ് ലാറ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ ലിങ്കൺ ഇത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ല എന്നാണ് ന്യൂയോർക്ക് ടൈംസ്, യു.എസ്.എ ടുഡേ തുടങ്ങി മാദ്ധ്യമങ്ങളുടെ ഫാക്ട് ചെക്ക് ടീമുകൾ പറയുന്നത്. പല ഫേസ്ബുക്ക് മീമുകളിലും ലിങ്കന് കടപ്പാട് വച്ച് ഈ വാക്കുകൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് അദ്ദേഹം പറഞ്ഞതല്ല. സമാനമായ ആശയം അദ്ദേഹം പങ്കുവച്ചിട്ടുണ്ടെങ്കിലും, ലാറ പറഞ്ഞ വാക്കുകൾ ലിങ്കൺ പറഞ്ഞിട്ടില്ല - ഫാക്ട് ചെക്ക് ടീമുകൾ പറയുന്നു.
ലാറയുടെ ഭാഗത്ത് വന്ന പിശകോ അല്ലെങ്കിൽ പ്രസംഗം തയ്യാറാക്കി കൊടുത്ത വ്യക്തിക്ക് തെറ്റുപറ്റിയതോ ആയിരിക്കാം എന്നാണ് വിവാദ ഭാഗം പരിശോധിച്ചവർ പറയുന്നത്.