ryan

വാഷിംഗ്ടൺ: വിവാഹ ശേഷം ഭർത്താവിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർക്കുന്നവരാണ് മിക്ക സ്ത്രീകളും. പുരുഷാധിപത്യത്തിന്റെ പ്രശ്നം മൂലമാണ് ഇത്തരമൊരു രീതിയുണ്ടായതെന്നും പറഞ്ഞ് ഇതിനെ എതിർക്കുന്നവരേറെയാണ്. എന്നാൽ, സാൻഫ്രാൻ‍സിസ്കോയിൽ നിന്നുള്ള റയാൻ മോറിസൺ ഈ സമ്പ്രദായത്തിന് ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് റയാൻ തന്റെ നിലപാട് വ്യക്തമാക്കുന്നത്. വിവാഹിതനാകുന്നുവെന്നും ഭാര്യയുടെ പേരിനൊപ്പമുള്ള അച്ഛന്റെ പേരായ മിയോഷി എന്നത് തന്റെ പേരിന്റെ കൂടെ കൂട്ടുകയാണെന്നുമാണ് റയാൻ പറഞ്ഞത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും റയാൻ കുറിച്ചിട്ടുണ്ട്.

'ഞാൻ നാളെ വിവാഹിതനാവുകയാണ്, എന്റെ ഭാര്യയുടെ കുടുംബപ്പേര് എന്റെ പേരിനൊപ്പം ചേർക്കുന്നു. അച്ഛന്റെ പേരാണ് ഭാര്യയുടെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യാപിതാവിന് സഹോദരങ്ങൾ ഇല്ലാത്തതുകൊണ്ടും ഭാര്യയ്ക്ക് ഒരേയൊരു സഹോദരി മാത്രം ആയതുകൊണ്ടും മിയോഷിയുടെ പേര് കൈമാറപ്പെടാനുള്ള അവസരമില്ല. അതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.' - റയാൻ പറഞ്ഞു. വ്യത്യസ്ത നിലപാടെടുത്ത റയാന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.