നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തുന്ന ' മണിയറയിലെ അശോകൻ ' എന്ന ചിത്രത്തിന്റെ സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും പേരുകൾ ട്രെയിലറിൽ നിന്നും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി പ്രേക്ഷകർ. സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിരവധി പേരാണ് നെറ്റ്ഫ്ലിക്സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുതുമുഖ സംവിധായകനോടും അണിയറപ്രവർത്തകരോടും ചെയ്യുന്ന അവഗണനയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
സംവിധായകന്റെയും അണിയറപ്രവർത്തകരുടെയും യാതൊരു ക്രെഡിറ്റും ട്രെയിലറിലോ ഡിസ്ക്രിപ്ഷനിലോ നൽകിയിട്ടില്ലെന്നും സംവിധായകനും പ്രൊഡ്യൂസറും അടക്കമുള്ള ഒരുകൂട്ടം ആൾക്കാരുടെ അദ്ധ്വാന ഫലമാണ് സിനിമയെന്നും അതിനെ വിലയ്‌ക്കെടുക്കുമ്പോൾ അവർക്ക് ക്രെഡിറ്റ് കൊടുക്കേണ്ടത് നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തമാണെന്നും യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകർ പ്രതികരിക്കുന്നു.
വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജേക്കബ് ഗ്രിഗറി എന്നിവർ ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകൻ തിരുവോണദിനമായ ആഗസ്‌റ്റ് 31ന് നെറ്റ്ഫ്ലിക്‌സിലൂടെയാണ് റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്‌സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമാണ് 'മണിയറയിലെ അശോകന്‍'.
നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗ്രിഗറിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് ചിത്രത്തിൽ. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ദുൽഖർ സൽമാൻ, അനു സിത്താര എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും ശ്രീഹരി കെ. നായര്‍ സംഗീതവും നിര്‍വഹിക്കുന്നു.