തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്ന കോൺഗ്രസും യു.ഡി.എഫും പൊതുമജന മദ്ധ്യത്തിൽ സ്വയം അപഹാസ്യരാവുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യവും അറിവില്ലായ്മയുമാണ്. വിമോചന സമരത്തിന് സമാനമായ കലാപത്തിനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നത്. ബി.ജെ.പിയെ കൂട്ടുപിടിക്കാൻ എന്തു ന്യായം കിട്ടുമെന്ന് അന്വേഷിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത്. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായി പത്ത് മിനിട്ടിനകം സ്ഥലത്തെത്തിയ ബി.ജെ.പി അദ്ധ്യക്ഷന് പിന്നാലെ രമേശ് ചെന്നിത്തലയും കൂട്ടരും അവിടെയെത്തി.
വരാൻ പോകുന്ന രാഷ്ട്രീയസഖ്യത്തിന്റെ രൂപരേഖ തയ്യാറാക്കാൻ ഒറ്റപ്പെട്ട സംഭവങ്ങളെ ഇരുവരും പ്രയോജനപ്പെടുത്തുകയാണ്. നിയമസഭയിൽ മുഖ്യമന്ത്രി ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഓടിരക്ഷപ്പെട്ട യു.ഡി.എഫ്, ബി.ജെ.പിക്കൊപ്പം സമരം നടത്തുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് പ്രതിപക്ഷനേതാവ് കലാപരിപാടിയിൽ ഓരോ ചുവടും വച്ചത്. 1933ൽ ജർമൻ പാർലമെന്റിന് തീവച്ചവർ തന്നെ അതിനെതിരെ പ്രകടനം നടത്തി. അതിനുശേഷം തീപിടിത്തത്തിനെതിരെ പ്രകടനം നടത്തുന്നത് ഇതാദ്യമാണ്. നാട് കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ നിൽക്കുമ്പോൾ പ്രതിപക്ഷം സ്വന്തം ഉത്തരവാദിത്തം മറന്നുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രതിപക്ഷം തെരുവിലിറങ്ങുന്നത് കൊവിഡ് വ്യാപനം ലക്ഷ്യമിട്ടാണ്.
ചെന്നിത്തല യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ഇടയിലെ പാലം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫിനും ബി.ജെ.പിക്കും ഇടയിലെ പാലമായി മാറിയിരിക്കുകയാണ്. സ്വന്തം സ്ഥാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിനു പകരം അദ്ദേഹം പാതാളത്തെക്കാളും താഴുകയാണ്. തീപിടിത്തതിൽ സകല രേഖകളും കത്തിയെന്നു പറയുന്നവർ ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്നു. മുമ്പും പല ഓഫീസുകളിലും തീപിടിക്കുകയും കടലാസുകൾ കത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ സർക്കാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എൻ.ഐ.എ അന്വേഷണത്തിന് എല്ലാ സഹായവും സർക്കാർ നൽകി. രേഖകൾ കൈമാറി. കേസ് അന്വേഷിക്കുന്നത് കേന്ദ്രത്തിന്റെ ഏജൻസിയാണ്. എന്നിട്ടും സർക്കാർ കേസ് അട്ടിമറിക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. ബി.ജെ.പിയും ഇതേറ്റുപിടിക്കുന്നു. ഏതെങ്കിലും കടലാസ് കത്തിച്ച് തെളിവ് നശിപ്പിക്കേണ്ട കാര്യം സംസ്ഥാന സർക്കാരിനില്ല. കുറ്റകൃത്യത്തെ സഹായിക്കുന്ന നിലപാടല്ല സർക്കാരിന്റേത്. സ്വർണക്കടത്തുകേസിലും സുതാര്യമായ നിലപാടാണ്. ഇക്കാര്യത്തിൽ ഒരു അന്വേഷണ ഏജൻസിയും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടില്ല. കേസിൽ ചോദ്യം ചെയ്യപ്പെടുന്നത് ഇടതുപക്ഷക്കാരല്ല. മുസ്ലിംലീഗ്, കോൺഗ്രസ്, ബി.ജെ.പി നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. സ്വർണക്കടത്ത് നടന്നത് വിമാനത്താവളത്തിലാണ് അല്ലാതെ സെക്രട്ടേറിയറ്റിലല്ലെന്നും അദ്ദേഹം പറഞ്ഞു.
അറിയാതെ പോയത് വിനയായി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവങ്കറിന് സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ സർക്കാർ പുറത്താക്കി. അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് അറിയാതെ പോയതാണ് വിനയായത്. അറിഞ്ഞയുടൻ തിരുത്തൽ നടപടികളും സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ വില കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന ചെന്നിത്തലയും കൂട്ടരും ബി.ജെ.പിയുമായി യോജിക്കാനാണ് ശ്രമം. ശിവശങ്കറിന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ സർക്കാരിന്റേതെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിൽ കുറ്റക്കാരായ ആരും രക്ഷപ്പെടില്ല. സർക്കാരിനോ പാർട്ടിക്കോ അന്വേഷണത്തിൽ ഒരു ആശങ്കയും ഇല്ല. അന്വേഷണം പൂർത്തിയാകുമ്പോൾ യഥാർത്ഥ വസ്തുത എല്ലാവർക്കും മനസിലാകും. ആഭ്യന്തര പ്രശ്നത്തിൽ നിന്ന് കരകയറാനാകാത്ത യു.ഡി.എഫ് അത് മറച്ചുവയ്ക്കാൻ സർക്കാരിനുനേരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ദേശീയതലത്തിൽ സോണിയ ഗാന്ധിയിൽ പോലും കോൺഗ്രസ് നേതാക്കൾക്ക് അവിശ്വാസമാണ്.
കമ്മിഷൻ അടിച്ചവരൊക്കെ അഴിയെണ്ണും
വീടില്ലാത്ത ലക്ഷക്കണക്കിന് പേരുടെ ആശ്രയമാണ് ലൈഫ് മിഷൻ പദ്ധതി. ആ പദ്ധതിയെയും യു.ഡി.എഫ് വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. നാലരവർഷക്കാലമായി മികച്ച ഭരണം നടത്തുന്ന സർക്കാരിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ലാത്തതിനാലാണ് ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി ആരോപിക്കുന്നത്. സർക്കാരിന് പദ്ധതിയിൽ ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മിഷൻ ആരൊക്കെ അടിച്ചിട്ടുണ്ടോ അവരെല്ലാം അഴിയെണ്ണും. എന്തൊക്കെ വിവാദങ്ങളുണ്ടായാലും സർക്കാർ മുന്നോട്ട് തന്നെ പോകും. ഈ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളിലാണ് എൽ.ഡി.എഫ് സർക്കാരിന്റെ ശ്രദ്ധ.