തൃശൂർ: നോർക്ക റൂട്‌സ് വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ പേരിലുള്ള വിദ്യാഭ്യാസ അവാർഡ് ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈനിൽ നിർവഹിച്ചു. സി.കെ. മേനോൻ വേർപിരിഞ്ഞതിന്റെ നഷ്ടം സമൂഹത്തിലെ സാധാരണക്കാർക്കാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിലെ മതമൈത്രിക്ക് അകമഴിഞ്ഞ സഹായങ്ങൾ ചെയ്ത വ്യക്തിത്വമാണ് സികെ മേനോൻ എന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിതാവ് തുടങ്ങിവച്ച സാഹോദര്യത്തിന്റേയും സഹവർത്തിത്വത്തിന്റേയും പാത പിന്തുടരുമെന്ന് സി.കെ. മോനോന്റെ മകനും ബഹ്‌സാദ് ഗ്രൂപ്പിന്റെ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു.
പാട്ടുരായ്ക്കൽ ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്‌ളസ് ടു പാസായ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് വിദ്യാഭ്യാസ അവാർഡ്. തിരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽഫോണും എൽ.ഇ.ഡി ടി.വിയും വിദ്യാഭ്യാസ അവാർഡ് ദാനത്തിന്റെ ഭാഗമായി നൽകും.
ഡിവിഷൻ കൗൺസിലറും കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ചു. ദീപക് എൻ കുഞ്ഞുണ്ണി, കോമളവല്ലി കുഞ്ഞുണ്ണി, വിനീത് വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.