വാഷിംഗ്ടൺ: അമേരിക്കയുടെ മഹത്വം നശിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് പ്രതിയോഗിയായ ജോ ബൈഡന്റെ ശ്രമമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. കടുത്ത വംശീയ പ്രശ്നങ്ങളും കൊവിഡ് മഹാമാരിയും രാജ്യത്തു വലിയ ചർച്ചയാകുന്നതിനിടയിലാണ് ട്രംപിന്റെ വിമർശനം.
'അമേരിക്കൻ സ്വപ്നം സംരക്ഷിക്കപ്പെടുമോ എന്ന് ഈ തിരഞ്ഞെടുപ്പ് വിധിയെഴുതും. അമേരിക്കൻ മനഃസാക്ഷിയുടെ രക്ഷകനല്ല ജോ ബൈഡൻ. അമേരിക്കയുടെ തൊഴിൽസാദ്ധ്യതകൾ നശിപ്പിക്കുന്നയാളാണ്. അമേരിക്കയുടെ മഹത്വങ്ങളുടെയെല്ലാം അന്തകനാകും ബൈഡൻ. ഡെമോക്രാറ്റുകൾ അധികാരത്തിലെത്തിയാൽ സർവതും അവർ നശിപ്പിക്കും. നിങ്ങളുടെ തോക്കുകൾ പിടിച്ചെടുക്കും. ചതികളുടെയും മണ്ടത്തരങ്ങളുടെയും വക്താവാണ് ദുർബലനായ ജോ ബൈഡൻ.' -ട്രംപ് പറഞ്ഞു. ഡെമോക്രാറ്റുകൾക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ട്രംപിന്റെ മകൾ ഇവാൻക ഉൾപ്പെടെ അഴിച്ചുവിടുന്നത്.
ട്രംപിന്റെ പ്രചാരണ പരിപാടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. വൈറ്റ് ഹൗസിന്റെ ഒരു ഭാഗത്തുനിന്നു തന്നെയാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും നടത്തുന്നത്. രാഷ്ട്രീയ പ്രചാരണങ്ങൾക്കായി വൈറ്റ് ഹൗസ് ഉപയോഗിക്കാറില്ല എന്ന ഏറെനാളത്തെ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണിത്.
തിരിച്ചടിച്ച് ബൈഡൻ
ട്രംപിന്റെ ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ബൈഡൻ ട്വീറ്റ് ചെയ്തു. 'ജോ ബൈഡന് കീഴിൽ രാജ്യം സുരക്ഷിതമായിരിക്കില്ല എന്നാണ് ട്രംപ് പറയുന്നത്. നിങ്ങൾ ഒന്നു പുറത്തേക്കു നോക്കൂ, എന്നിട്ട് സ്വയം ചിന്തിക്കൂ. ട്രംപിന്റെ അമേരിക്കയിൽ നിങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന്' - ബൈഡൻ ട്വിറ്ററിൽ കുറിച്ചു.