തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി എൻ.ഐ.എ അന്വേഷിക്കുന്ന കേസിൽ ജനം ടി.വി മാദ്ധ്യമപ്രവർത്തകന്റെ ഇടപെടൽ സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗുരുതരമായവയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. നയതന്ത്രബാഗിലെ സ്വർണക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ വേണ്ട നിർദേശങ്ങൾ അനിൽ നൽകിയതായാണ് പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിൽ സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ തുടക്കം മുതൽ സ്വീകരിച്ചു വന്ന നിലപാടും ചേർത്തു വായിക്കേണ്ടതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ അറിയിച്ചു.
ജനം ടി.വിക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപോവില്ല. ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബി.ജെ.പിക്ക് എന്തോ മറച്ചു വയ്‌ക്കാനുണ്ടെന്ന് വ്യക്തമായെന്നും സി.പി.എം ആരോപിക്കുന്നു. ബി.ജെ.പിക്ക് എന്തോ മറച്ചു വയ്‌ക്കാനുണ്ടെന്ന് വ്യക്തമാണ്. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ പുറത്തു വന്ന ബി.ജെ.പി ബന്ധത്തിൽ നിലപാട് വ്യക്തമാക്കാൻ ആ പാർട്ടിയുടെ നേതൃത്വം തയ്യാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണ്. ജനം ടി.വി കോ- ഓർഡിനേറ്റിംഗ് എഡിറ്ററുടെ ബന്ധം കൂടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാവില്ലെന്നും സി.പി.എം വ്യക്തമാക്കുന്നു.