murder

കാസർകോട്: മഞ്ചേശ്വരം മിയാപദവ് ബേരിക്കയിലെ കൃപാകര എന്ന അണ്ണുവിന്റെ (28) കൊലപാതകവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന രണ്ട് പേർ ഉൾപ്പെടെ നാല് പേരെ കേന്ദ്രീകരിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം സംഭവത്തിന് ദൃക്‌സാക്ഷികൾ ആരും ഇല്ലാത്തതും കൊല്ലപ്പെട്ട യുവാവിന് അനുകൂലമായി ആരും മൊഴി നൽകാത്തതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഒരു സംഘം ആളുകൾക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതി സ്ഥാനത്തുള്ള ആരുടെയും പേരുകൾ എഫ് ഐ ആറിൽ വ്യക്തമാക്കിയിട്ടില്ല. കൃപാകരയുടെ മൃതദേഹം കൊവിഡ് ടെസ്റ്റിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു. കത്രികയും കമ്പിപ്പാരയും കൊണ്ടുള്ള കുത്തേറ്റ് യുവാവിന്റെ തലയ്ക്ക് ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ 25 ഓളം മുറിവുകളുമുണ്ടായി.

ബുധനാഴ്ച രാത്രി വൈകിയാണ് കൃപാകര കൊല്ലപ്പെടുന്നത്. സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പരാക്രമം നടത്തുന്നതിനിടെയാണ് വെട്ടും കുത്തും നടക്കുന്നത്. നാല് മാസത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ കൃപാകര സ്ഥിരമായി മദ്യപിക്കുകയും കഞ്ചാവ് ലഹരിയിൽ പരാക്രമം കാട്ടുന്നതും പതിവായതോടെ ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം യുവാവ് സൗഹൃദം വിടുകയായിരുന്നു. ഇതിന്റെ പേരിൽ കൃപാകര യുവാവുമായി പലതവണ വാക്കുതർക്കമുണ്ടായിരുന്നു. അതിനിടെയാണ് ബുധനാഴ്ച രാത്രി കൃപാകര ഇയാളുടെ വീട്ടിലെത്തിയത്. പിറക് വശത്തെ മതിൽ ചാടിയാണ് കത്രികയുമായി കൃപാകര എത്തിയത്. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ചവിട്ടിപൊളിക്കുമെന്ന് ഉറപ്പായതോടെയാണ് വാതിൽ തുറന്നത്. കൃപാകര കണ്ണിന് കുത്തി യുവാവിനെ വീഴ്ത്തി. വീട്ടുകാരുടെ നിലവിളി കേട്ട് ആൾക്കാൾ ഓടിക്കൂടി. ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായത്. മരണവുമായി ബന്ധപ്പെട്ട് സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ രണ്ടുവീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.