laura

ലൂസിയാന: അമേരിക്കയിൽ ആഞ്ഞടിച്ച് 'അതിശക്തയായ ലോറ ചുഴലിക്കാറ്റ്'. ലൂസിയാനയിലും ടെക്സാസിലും കനത്ത നാശം വിതച്ച കാറ്റിൽപ്പെട്ട് ആറു പേർ മരിച്ചു. ഒട്ടേറെ റോഡുകളിൽ വെള്ളം കയറി. വൻ മരങ്ങൾ കടപുഴകിവീണു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ് ലൂസിയാന തീരത്ത് ആഞ്ഞടിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ലോറ ചുഴലിക്കാറ്റ് തീരം തൊട്ടത്. കാറ്റഗറി നാല് വിഭാഗത്തിൽപെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതിയിലാണ് ആഞ്ഞടിക്കുന്നത്. ലൂസിയാനയിൽ നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി. കനത്ത കാറ്റിൽ ഒരു കസിനോയുടെ മേൽക്കൂര നിലംപൊത്തി.

ലൂസിയാനയിൽ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്‌സസിൽ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങൾ പലതും തകർന്നു. കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് തന്നെ തീരപ്രദേശത്തെ ആളുകളെ മാറ്റിയത് ദുരന്തത്തിന്റെ ആഴം കുറച്ചു.

രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരും ദിവസങ്ങളിൽ ദുരന്ത ബാധിത മേഖല സന്ദർശിക്കുമെന്ന് അറിയിച്ചു.അതിനിടെ ലൂസിയാനയിലെ കെമിക്കൽ പ്ലാന്റിലുണ്ടായ തീപിടിത്തം ആശങ്ക പരത്തി.

കൂടുതൽ മരണം റിപ്പോർട്ട് ചെയ്തേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

ചുഴലിക്കാറ്റ് മുന്നിൽ കണ്ട് നേരത്തെ അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഭൂചലനത്തിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കാറ്റിനെ പകർത്തി വിമാനം

ചുഴലിക്കാറ്റിനുള്ളിൽ സഞ്ചരിച്ച് വിവരശേഖരണം നടത്തുന്ന വ്യോമഗവേഷണ സംഘം 'ഹറിക്കെയ്ൻ ഹണ്ടേഴ്സിന്റെ " വിമാനം കാറ്റിനുള്ളിൽ കടന്ന് ചിത്രം പകർത്തി. വിവരങ്ങൾ ശേഖരിച്ചു.
അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനിലെ ഹരിക്കെയ്ൻ ഹണ്ടറായ നിക്ക് അണ്ടർവുഡ് ലോറ ചുഴലിക്കാറ്റിനുള്ളിൽനിന്ന് പകർത്തിയ അപൂർവദൃശ്യം ട്വിറ്ററിലൂടെ ഷെയർ ചെയ്തു.

ചുഴലിക്കാറ്റിന്റെ മദ്ധ്യഭാഗത്തായാണ് നിക്കും സംഘവും സഞ്ചരിച്ച വിമാനം പ്രവേശിച്ചത്. കാറ്റിന്റെ ഉൾഭാഗം താരതമ്യേന ശാന്തമായിരിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കാവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് ഇത്തരത്തിലുള്ള സഞ്ചാരങ്ങൾ നടത്തുന്നത്.

'അഞ്ച് തവണ ഇന്ന് ലോറ ചുഴലിക്കാറ്റിനുള്ളിലൂടെ സഞ്ചരിച്ചു. ഞങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രയാണങ്ങൾക്കിടയിലുള്ള സമയമാണിത്. ചുഴലിക്കാറ്റിന്റെ ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്രയെ പെനിട്രേഷൻ(penetration)അഥവാ പെനി(penny) എന്നാണ് വിളിക്കുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇന്നത്തെ അഞ്ചെണ്ണം കൂടിയാകുമ്പോൾ 61 പെനികൾ പൂർത്തിയാകും'. ഒരു വീഡിയോയ്ക്കൊപ്പം നിക്ക് കുറിച്ചു.