china-missile

ബീജിംഗ്: ചൈനീസ് മേഖലയിൽ കടന്നുകയറി നിരീക്ഷണപ്പറക്കൽ നടത്തിയ അമേരിക്കയക്ക് ചുട്ട മറുപടി നൽകി ചൈന ദക്ഷിണ ചൈനാക്കടലിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇതോടെ കടലിലെ അമേരിക്ക- ചൈന സംഘർഷം കൂടുതൽ രൂക്ഷമായി.

തർക്ക മേഖലയിൽ ഔട്ട്പോസ്റ്റുകൾ നിർമ്മിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ച ബുധനാഴ്ചയാണ് ചൈന ദക്ഷിണ ചൈനാ കടലിൽ നാല് മദ്ധ്യ ദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനിക അഭ്യാസത്തിന്റെ ഭാഗമായിരുന്നു നടപടി. ഹൈനാൻ ദ്വീപിനും പരാസെൽ ദ്വീപിനുമിടയ്ക്ക് കടലിലാണ് മിസൈലുകൾ പതിച്ചത്. 2019ലും ചൈന സമാനമായ പരീക്ഷണം നടത്തിയിരുന്നു.

ചൈനീസ് മേഖലയിൽ അമേരിക്കൻ ചാരവിമാനം നിരീക്ഷണപ്പറക്കൽ നടത്തിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടൽ മേഖലയിൽ ഏതു ഭീഷണിയും നേരിടാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്ന് അമേരിക്കൻ നാവിക സേനാ വൈസ് അഡ്മിറൽ സ്‌കോട്ട് ഡി കോൺ പറഞ്ഞു.

വിവാദ സമുദ്രമേഖലയിൽ ചൈനീസ് സൈന്യത്തെ സഹായിച്ച 24 കമ്പനികൾക്കെതിരെയാണ് ബുധനാഴ്ച അമേരിക്ക വാണിജ്യ, വിസാ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ അഭിമാനസംരംഭമായ 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയിലെ ഏറ്റവും വലിയ നിർമാതാക്കളായ ചൈന കമ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയും ഉപരോധ പട്ടികയിലുണ്ട്. ഇതോടെ ചൈനീസ് കമ്പനികളുടെ ഓഹരിനിലവാരം കുത്തനെ ഇടിഞ്ഞു.

ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ അവകാശവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. കഴിഞ്ഞ മാസം ആദ്യമായി ചൈനയുടെ അവകാശവാദം തള്ളിയ ട്രംപ് ഭരണകൂടം മേഖലയിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെടുകയാണെന്നും ജോ ബൈഡനെ വിജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നുമാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആരോപണം.