ഖൊ ഖോ താരമായി നടി രജിഷ വിജയൻ എത്തുന്ന സ്പോർട്സ് ഡ്രാമാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ' ഖൊ ഖൊ ' എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ' ഒറ്റമുറി വെളിച്ചം ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഫൈനൽസ് ' എന്ന സ്പോർട്സ് ഡ്രാമയിൽ ഒരു സൈക്ലിസ്റ്റിന്റെ വേഷത്തിൽ രജിഷ എത്തിയിരുന്നു. പിന്നാലെയാണ് ഖൊ ഖൊ കളിക്കാരിയുടെ വേഷത്തിൽ രജിഷ മറ്റൊരു സ്പോർട്സ് ഡ്രാമയുടെ ഭാഗമാകുന്നത്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് രാഹുൽ തന്നെയാണ് രചനയും നിർവഹിക്കുന്നത്. ടോബിൻ തോമസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. സംഗീതം സിദ്ധാർഥ പ്രദീപ്. ഡിസൈൻ അധിൻ ഒല്ലൂർ.