പത്തനംതിട്ട: കോന്നി വകയാർ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളുടെ രണ്ട് പെൺമക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലിന്റെയും പ്രഭാ തോമസിന്റെയും മക്കളായ റിനുവും റിയയുമാണ് ഇന്നലെ രാവിലെ പിടിയിലായത്. ആസ്ട്രേലിയയിലേക്ക് പോകാനായിരുന്നു ഇവർ വിമാനത്താവളത്തിലെത്തിയത്. തോമസിന്റെയും പ്രഭയുടെയും മക്കളും മരുമക്കളും ഉദ്യോഗസ്ഥരുമായ എട്ടുപേർ കേസിൽ പ്രതികളാണ്. തോമസിന്റെയും പ്രഭയുടെയും ലുക്ക് ഒൗട്ട് നോട്ടീസ് മാത്രമേ പരസ്യപ്പെടുത്തിയിരുന്നുള്ളു. മറ്റുള്ളവരുടേത് വിമാനത്തവളങ്ങൾക്കും മറ്റും രഹസ്യമായി കൈമാറിയിരുന്നു. ഇതറിയാതെയെത്തിയ റിനുവിനേയും റിയയേയും ഡൽഹി പൊലീസ് തടഞ്ഞുവച്ച് കോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.
കോന്നി സി.ഐ പി.എസ്.രാജേഷിന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഡൽഹി കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകിട്ടോടെ പത്തനംതിട്ടയിലെത്തിച്ചേക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 1600ന് മേൽ നിക്ഷേപകരിൽ നിന്ന് 2000 കോടിയോളം രൂപയാണ് പോപ്പുലർ ഫൈനാൻസ് നിക്ഷേപമായി സമാഹരിച്ചത്. കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിലായി നാനൂറിലധികം പരാതികളാണ് ലഭിച്ചത്. ഒളിവിൽ പോയ തോമസും പ്രഭയും രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ഫോണുകൾ സ്വിച്ച് ഒാഫാണ്. കാലാവധി കഴിഞ്ഞിട്ടും പണം മടക്കിനൽകാതായതോടെയാണ് പരാതി ഉയർന്നത്.
ഓഫീസ് ജപ്തി ചെയ്തു
വകയാർ പോപ്പുലർ ഫൈനാൻസ് ഓഫീസ് ജപ്തിചെയ്തു. നിക്ഷേപകനായ അടൂർ സ്വദേശി കെ.വി സുരേഷ് നൽകിയ ഹർജി പരിഗണിച്ച് സബ് കോടതിയുടേതാണ് നടപടി.