മോസ്‌കോ: സ്പുട്നിക് 5നു പിന്നാലെ വീണ്ടുമൊരു കൊവിഡ് വാക്സിന് കൂടി അനുമതി നൽകാനൊരുങ്ങി റഷ്യ. സെപ്തംബറിലോ ഒക്ടോബർ ആദ്യമോ വാക്സിന് അനുമതി നൽകിയേക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ പറഞ്ഞു. സൈബീരിയയിലെ വെക്ടർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിന്റെ പ്രാരംഭഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സെപ്തംബറോടെ പൂർത്തിയാകുമെന്നും അവർ പറഞ്ഞു.
ലോകത്തിൽ തന്നെ ആദ്യമായാണ് ഒരുരാജ്യം കൊവിഡ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്. റഷ്യൻ വാക്‌സിനെതിരെ വിമർശനങ്ങളുമുണ്ട്. വെറും രണ്ടുമാസം മാത്രം നീണ്ടുനിന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ വാക്സിന് അനുമതി നൽകിയത്.
സ്‌പുട്നിക് വാക്സിൻ 40,000 പേരിൽ കൂടി പരീക്ഷണം നടത്താനൊരുങ്ങുകയാണ് റഷ്യ. ഇതിനിടെയാണ് രണ്ടാമതൊരു വാക്‌സിൻ കൂടി റഷ്യയിൽ നിന്ന് എത്താൻ പോകുന്നത്.