തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത 'ജനം ടിവി' കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചാനലിന്റെ ചുമതലകളിൽ മാറ്റി നിർത്തുന്നതായി ചാനൽ എം.ഡി പി. വിശ്വരൂപൻ. കേസിൽ അനിൽ നമ്പ്യാർ കുറ്റാരോപിതനാണെന്നും അതിനാൽ അദ്ദേഹം കുറ്റവിമുക്തനാകുന്നത് വരെ ചാനലുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റി നിർത്തുകയാണെന്നുമാണ് വീഡിയോ സന്ദേശം വഴി അദ്ദേഹം അറിയിച്ചത്.
അനിൽ നമ്പ്യാരെയും ജനം ടിവിയെയും സംബന്ധിച്ച് നിരവധി വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴിയും മറ്റ് മാദ്ധ്യമങ്ങൾ വഴിയും നിലവിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്നും ചാനലിൽ ഓഹരി ഉള്ളവർക്കും ചാനലിന്റെ പ്രേക്ഷകർക്കും ഇക്കാര്യത്തെ സംബന്ധിച്ച സത്യാവസ്ഥ മനസിലാക്കി കൊടുക്കേണ്ടതുണ്ടെന്നും ചാനൽ എം.ഡി പറഞ്ഞു.ചാനലിന്റെ മുന്നൂറോളം വരുന്ന സ്റ്റാഫിൽ ഒരാൾ മാത്രമാണ് അനിൽ നമ്പ്യാരെന്നും അദ്ദേഹത്തിന് ചാനലിൽ ഓഹരികൾ ഇല്ലെന്നും വിശ്വരൂപൻ പറഞ്ഞു.
അനിൽ കുറ്റവിമുക്തനാകുന്നത് വരെ അദ്ദേഹം ചാനലിനോടൊപ്പം ഉണ്ടായിരിക്കുന്നതല്ല എന്നും മുൻപ് ചിത്രീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പരിപാടികളാകും ഈ കാലയളവിൽ ചിത്രീകരിക്കുക എന്നും എം.ഡി അറിയിച്ചു. ചാനലിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായെന്ന വാർത്ത വ്യാജമാണെന്നും സൈറ്റിൽ ചാനലിന്റെ ഓഹരിക്കാരെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.