നെയ്യാറ്റിൻകര: അയൽവാസിയുടെ ക്രൂര മർദ്ദനത്തിനിരയായി അഞ്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെയ്യാറ്റിൻകര തൃപ്പലവൂർ മേച്ചേരി സ്‌കൂളിന് എതിർവശം കുളത്തിൻകര വീട്ടിൽ വേലപ്പന്റെ മകൻ പ്രസാദ് (32) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു ഇയാൾ. ചില രഹസ്യങ്ങൾ പുറത്തു പറഞ്ഞതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് പ്രസാദിന് മർദ്ദനമേറ്റത്. പ്രസാദിനെ ഒരാഴ്ച മുമ്പാണ് രാത്രി അയൽവാസിയായ ഷിബു റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തിവന്ന ഇയാൾ ഇന്നലെ രാവിലെയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് പിടികൂടിയില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനു പിന്നാലെയാണ് പ്രസാദിന്റെ മരണം. ഇത്തരം കേസുകളിൽ മാരായമുട്ടം പൊലീസിന്റെ അനാസ്ഥകൾ വൻ പ്രതിഷേധങ്ങൾക്കും ഇടവരുത്തുകയാണ്. കേസിൽ പ്രതിയായ ഷിബുവിനെ നാളിതുവരെ കസ്റ്റഡിയിലെടുക്കാനോ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ മാരായമുട്ടം പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആരോപണവുമുണ്ട്.