missile-

ന്യൂഡൽഹി:കൊവിഡ് വൈറസ് വ്യാപനത്തിന്റെ പേരിൽ നേരത്തെ തന്നെ അമേരിക്കയും ചെെനയും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ‌ഡോണാൾഡ് ട്രംപ് തന്നെ ചെെനയ്ക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷത്തിൽ നേരിയ അയവുവന്നതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് എതിരെ ചെെനയുടെ പ്രകോപന നടപടി. ദക്ഷിണ ചെെനാ കടലിലേക്ക് പുതിയ രണ്ട് മിസെെലുകൾ വിക്ഷേപിച്ചിരിക്കുകയാണ് ചെെന. ഉഗ്രശേഷിയുളള ഈ മിസൈലുകൾ ലക്ഷ്യം വയ്ക്കുന്നത് മേഖലയിലെ അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളും സൈനിക ക്യാമ്പുകളുമാണ്.

ദക്ഷിണ ചൈനാ കടലിലേക്ക് ബുധനാഴ്ചയാണ് ഡി.എഫ്-21ഡി, ഡി.എഫ്-26ബി എന്നീ ഉഗ്രശേഷിയുളള മിസൈലുകൾ ചെെന വിക്ഷേപിച്ചത്. മേഖലയിലെ കിഴക്കൻ തീരത്തുളള യു.എസ് സെെനിക നടപടികളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചെെനയുടെ നീക്കം. മിസൈലുകൾ വിക്ഷേപിച്ചതിലൂടെ അമേരിക്കയുടെ വിമാനവാഹിനി കപ്പലുകൾക്ക് തങ്ങളുടെ പക്കൽ ഉത്തരമുണ്ടെന്ന് യു.എസിനും സഖ്യകക്ഷികൾക്കും മുന്നറിയിപ്പ് നൽകുകയാണ് ചെെന. അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തികൊണ്ട് ഇതിന് മുമ്പും ചെെന പി.എൽ.എ റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. ഈ ചെെനീസ് മിസെെലുകൾക്ക് അമേരിക്കൻ താവളങ്ങൾ പൂർണമായും തുടച്ച് നീക്കാനാകുമെന്ന് സിഡ്നി സർവകലാശാലയിലെ ഗവേഷകർ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

സൈനിക അഭ്യാസത്തിന്റെ ഭാഗമായി ചെെന നാല് തരം ഇടത്തരം മിസൈലുകളാണ് വിക്ഷേപിച്ചത്. ചൈനയുടെ തെക്കൻ ഹൈനാൻ ദ്വീപിനും വിയറ്റ്നാമിനടുത്തുള്ള തർക്ക പ്രദേശത്താണ് മിസൈൽ പതിച്ചത്. ദക്ഷിണ ചെെനാ കടലിലെ തർക്ക പ്രദേശങ്ങളിൽ ചെെന സൈനിക അഭ്യാസം നടത്തുന്നത് കൂടുതൽ പിരിമുറുക്കങ്ങൾക്ക് കാരണമാകുമെന്നും മിസൈൽ പരീക്ഷണങ്ങൾ പ്രദേശത്ത് അസ്ഥിരത സൃഷ്ടിക്കുമെന്നും യു.എസ് സേന വൃത്തങ്ങൾ പ്രതികരിച്ചു.