ന്യൂഡൽഹി: ഏതെങ്കിലുമൊരു സംഭവത്തിന്റെ പേരിൽ അയൽരാജ്യത്തെ ശത്രുവായി കാണുന്നത് തെറ്റായ കണക്കുകൂട്ടലാകുമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയ്‌ദോങ് ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ചൈനീസ് കമ്പനികളുമായി സഹകരിക്കുന്നതിന് പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു.
ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇരുരാജ്യങ്ങളും മുന്നോട്ട് വരണം. ഇരുരാജ്യങ്ങളിലെയും 'നേതാക്കൾ തമ്മിൽ മുമ്പുണ്ടാക്കിയ ധാരണകൾ പലതും നടപ്പാക്കുന്നതിന് നിലവിലെ സാഹചര്യം തടസം സൃഷ്ടിക്കുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ചൈനയുടെ നീക്കം കടന്നുകയറ്റമായി കാണേണ്ടതില്ല. ലഡാക്ക് സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് ചൈനയുടെ വിലയിരുത്തൽ. ചൈനയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും" അദ്ദേഹം അവകാശപ്പെട്ടു.