കൊല്ലപ്പെട്ടത് അൽ-ബാദ്ർ ഗ്രൂപ്പിന്റെ തലവൻ
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കിലൂരയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ അൽ-ബാദ്ർ ഗ്രൂപ്പിന്റെ തലവനും ജമ്മുകാശ്മീർ പൊലീസ് മുൻ സ്പെഷ്യൽ ഒഫീസറുമായിരുന്ന ഷക്കൂർ അഹമ്മദ് പരേ അടക്കം നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. രാത്രി വൈകിയും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും വിവരമുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ഭീകരർക്ക് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് എ.കെ 47നും പിസ്റ്റളുകളും അടക്കമുള്ള ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരിലൊരാൾ കാൻമോഹിലെ ബി.ജെ.പി നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സുഹൈൽ ഭട്ടാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചോളം ഭീകരരർ കിലൂരയിലെ ആപ്പിൾത്തോട്ടത്തിൽ ഒളിച്ചിരിക്കുന്നുവെന്ന് ഷോപ്പിയാൻ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കരസേനയും സി.ആർ.പി.എഫും പൊലീസും അടങ്ങുന്ന സംഘം സംയുക്തമായി തെരച്ചിലിനെത്തിയത്. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടി വച്ചതോടെ സേന തിരിച്ചടിക്കുകയായിരുന്നു. 'കൊല്ലപ്പെട്ട നാലു ഭീകരരിൽ പ്രധാനി ഷക്കൂർ അഹമ്മദ് പരേ ആണ്. കാശ്മീർ പൊലീസിൽ സ്പെഷ്യൽ പൊലീസ് ഓഫീസറായിരുന്ന ഷക്കൂർ, നാല് എ.കെ. 47 തോക്കുകളുമായി ഓടിപ്പോയി ഭീകരസംഘടനയിൽ അംഗമാകുകയായിരുന്നു. പിന്നീട് അൽ-ബാദ്ർ എന്ന ഭീകരസംഘടനയുണ്ടാക്കി. നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്ത് ആയുധപരിശീലനം നൽകി. ഇയാളോടൊപ്പമുണ്ടായിരുന്ന 10 പേരിൽ അഞ്ചു ഭീകരരെ കൊലപ്പെടുത്തിയതായും' കാശ്മീർ പൊലീസ് ഐ.ജി വിജയകുമാർ പറഞ്ഞു. ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾക്കോ പൊലീസുകാർക്കോ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ജീവനോടെ പിടികൂടിയ ഭീകരനെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ നവംബർ മുതൽ ജമ്മുകാശ്മീരിലെ ഭീകരരെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരുകയാണെന്ന് സേന വ്യക്തമാക്കി. കിലൂരയിലേക്ക് കൂടുതൽ സേനയെത്തി രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.