thailand

ബാങ്കോക്ക് : കൊവിഡ് മഹാമാരിയുടെ കടന്നുവരവോടെ സാമ്പത്തികമായി ഏറെ തകർന്നിരിക്കുകയാണ് തായ്‌ലൻഡ‌്. സമ്പദ്‌വ്യവസ്ഥയിലേറ്റ കനത്ത ആഘാതത്തെ മറികടക്കാനായി പുതിയ ഒരു ആശയം മുന്നോട്ട് വച്ചിരിക്കുകയാണ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡിലെ സർക്കാർ. രാജ്യത്തെ പകുതിയോളം ജയിലുകൾ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനാണ് അധികൃതരുടെ നീക്കം.

സ്പോർട്സ് മത്സരങ്ങൾ, ആർട്ട് എക്സിബിഷനുകൾ, പാചക മത്സരങ്ങൾ തുടങ്ങി ജയിൽ അന്തേവാസികൾ നിർമിച്ച വസ്തുക്കളുടെ വില്പന വരെ ഇതിന്റെ ഭാഗമായി നടത്തും. രാജ്യത്തെ ആകെയുള്ള 143 ജയിലുകളിൽ 72 എണ്ണത്തിലാണ് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ത്രാട്ട്, റയോംഗ്, റാറ്റ്ചബുരി എന്നിവിടങ്ങളിലെ അഞ്ച് ജയിലുകളിൽ പരീക്ഷണാർത്ഥം പദ്ധതി തുടങ്ങിക്കഴിഞ്ഞു. സന്ദർശകരെ ആകർഷിക്കുന്നതോടൊപ്പം തന്നെ ജയിലിലെ അന്തേവാസികൾക്ക് സാധാരണ ജീവിതം പ്രദാനം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ജയിൽ ടൂറിസം ലോകത്ത് ഇതാദ്യമായല്ല നടപ്പാക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ അൽകാട്രസ് മുതൽ ഹാനോയ്‌യിലെ കുപ്രസിദ്ധമായ ഹാവോലോ വരെയുള്ള വിശ്വപ്രസിദ്ധമായ തടവറകൾ ഇന്ന് മ്യൂസിയങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പ്രവർത്തന ശൂന്യമായ ചില ജയിലുകൾ ഹോട്ടലുകളാക്കിയും മാറ്റിയിട്ടുണ്ട്. കൊളംബിയയിൽ ഒരു വനിതാ ജയിലിൽ റെസ്‌റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്. സിംഗപ്പൂരിലാകട്ടെ ഒരു ജയിലിൽ വാർഷിക ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ​ തിഹാർ ജയിലിലും ജയിൽ ടൂറിസം പദ്ധതി നടപ്പാക്കിയിരുന്നു. 3,410 പേർക്കാണ് തായ്‌ലൻഡിൽ കൊവിഡ് സ്ഥിരീകരിച്ചത്. 58 പേർ മരിച്ചു. 115 പേരാണ് ഇനി രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളതെന്നാണ് സർക്കാർ പുറത്തുവിടുന്ന കണക്ക്.