csk-

ന്യൂഡൽഹി : ഐ.പി.എൽ മത്സരങ്ങൾക്കായി ദുബായിൽ എത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനെ ആശങ്കയിലാഴ്ത്തി 10ലേറെ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേർക്കെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരു ഇന്ത്യൻ പേസ് ബോളറും സീനിയർ ഉദ്യോഗസ്ഥനും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കുമാണ് കൊവിഡ് സ്ഥിരികരിച്ചത്. അതേ സമയം, ചെന്നൈ ടീമിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുള്ള പേസ് ബോളർ ദീപക് ചാഹറാണെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ അഭ്യൂഹം അറിയിക്കുന്നു. ചെന്നൈയുടെ സോഷ്യൽ മീഡിയ ടീമിലുള്ള ഒരാളും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നതായാണ് വിവരം.

ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം ഏർപ്പെടുത്തിയതായും ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ടീം അധികൃതർ വ്യക്തമാക്കി. മത്സരത്തിനായി ദുബായിലെത്തിയ ടീം അംഗങ്ങൾ 6 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു. എന്നാൽ ഇതുവരെ ടീം പരിശീലനം തുടങ്ങിയിരുന്നില്ല. ദുബായിൽ എത്തുന്നതിന് മുന്നോടിയായി ഓഗസ്റ്റ് 15 മുതൽ 20 വരെ ചെന്നൈയിൽ പരിശീലനം നടന്നിരുന്നു. ആ സമയത്ത് തന്നെ ഇവർക്ക് രോഗം ബാധിച്ചിരിക്കാമെന്നാണ് നിഗമനം.

ക്യാപ്ടൻ എം.എസ്. ധോണി, സുരേഷ് റെയ്ന, ദീപക് ചാഹർ, മുരളി വിജയ്, അമ്പാട്ടി റായിഡു തുടങ്ങിയവർ ചെന്നൈയിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട് ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും നെറ്റ് ബോളർമാരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മത്സരത്തിനായി എത്തിയിരിക്കുന്ന എട്ട് ടീമുകളിൽ ഇതാദ്യമായാണ് ഒരു ടീമിനുള്ളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

താജ് ദുബായ് ഹോട്ടലിലാണ് നിലവിൽ ചെന്നൈ ടീം കഴിയുന്നത്.ഓഗസ്റ്റ് 21നാണ് ടീം ഇവിടെയെത്തിയത്. നാളെയായിരുന്നു ആദ്യ പരിശീലന സെഷൻ തുടങ്ങാനിരുന്നത്. എന്നാൽ കൊവിഡ് സ്ഥിരീകരിച്ച വാർത്തകൾ പുറത്തുവന്നതോടെ ഇത് അനിശ്ചിതത്വത്തിലാണ്.