ട്രിപ്പോളി: ലിബ്യയിലെ സൈനിക അക്കാദമിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഗൾഫ് രാജ്യമായ യു.എ.ഇ ആണ് പ്രവർത്തിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ മാദ്ധ്യമമായ ബി.ബി.സിയുടെ റിപ്പോർട്ട്. ലിബ്യൻ തലസ്ഥാനമായ ട്രിപ്പോളിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽനിരായുധരായ 26 സൈനിക വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്.
എന്നാൽ വർഷം 2020 ജനുവരി നാലിന് നടന്ന ഈ ആക്രമണത്തിന് പിന്നിൽ തങ്ങളല്ല പ്രവർത്തിച്ചതെന്നും പ്രാദേശികമായി ഉണ്ടായ ഷെൽ ആക്രമണത്തിലാണ് കേഡറ്റുകൾ കൊല്ലപ്പെട്ടതെന്നാണ് യു.എ.ഇ പറയുന്നത്. ചൈനീസ് നിർമിതമായ ' ബ്ലൂ ആരോ 7' ഏന് പേരുള്ള മിസൈലുകളാണ് ആക്രമണം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തത്. 'വിങ്ങ് ലൂങ്ങ് 2' എന്ന് പേരുള്ള ഡ്രോണുകളാണ് ഈ ശ്രേണിയിലെ മിസൈലുകൾ വിക്ഷേപിക്കുന്നത്.
ആക്രമണം നടന്ന സമയത്ത് ലിബ്യയിലെ വ്യോമ താവളമായ 'അൽ ഖാദിമി'ൽ നിന്ന് മാത്രമാണ് 'വിങ്ങ് ലൂങ്ങ് 2' ഡ്രോണുകൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇവിടേക്ക് ഡ്രോണുകൾ എത്തിച്ചതും അവ പ്രവർത്തിപ്പിക്കുന്നതും യു.എ.ഇ ആണ്. ഇക്കാരണം കൊണ്ടാണ് സംശയത്തിന്റെ നിഴൽ യു.എ.ഇയിലേക്ക് നീളുന്നത്.
ജനറൽ ഖലീഫ ഹഫ്താർ നയിക്കുന്ന വിമത സേനയായ 'ലിബ്യൻ നാഷണൽ ആർമി(എൽ.എൻ.എ)'യ്ക്കാണ് യു.എ.ഇയും ഈജിപ്തും ഏറെ നാളുകളായി പിന്തുണ നൽകിപ്പോരുന്നത്. തുർക്കിയുടെ പിന്തുണയോടു കൂടിയുള്ള ലിബിയയിലെ താത്കാലിക സർക്കാരിന്(ഗവണ്മെന്റ് ഒഫ് നാഷണൽ അക്കോർഡ്) വിരുദ്ധമാണ് ഇരു രാജ്യങ്ങളുടെയും ഈ നിലപാട്.
ലിബ്യയിലുള്ള യു.എ.ഇയുടെ 'വിങ്ങ് ലൂങ്ങ് 2' ഡ്രോണുകൾ ഈജിപ്ഷ്യൻ അതിർത്തിയ്ക്കകത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലിബ്യൻ അതിർത്തിയോടു ചേർന്നുള്ള തങ്ങളുടെ സൈനിക ബേസുകൾ ഈജിപ്ത് യു.എ.ഇയ്ക്ക് വിട്ട് നൽകിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമം പറയുന്നു.