s-jayashankar

ന്യൂഡൽഹി: പാകിസ്ഥാനെതിരെ പരോക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.‌‌ജയശങ്കർ. ഭീകരവാദികൾക്ക് സ്വന്തം രാജ്യത്ത് സംരക്ഷണം നൽകുകയും അവരെ മറ്റുളള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ചില രാജ്യങ്ങള്‍ ഇന്ന് സ്വയം ഭീകരതയുടെ ഇരകളെന്ന് അവകാശപ്പെടുന്നതായി എസ്.‌‌ജയശങ്കർ പറഞ്ഞു. പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ജയശങ്കറിന്റെ ഒളിയമ്പ്.

തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അവരുടെ ഫണ്ടിംഗ് ഏജന്‍സികൾക്കും ഇടയില്‍ പണമിടപാട് തടയാന്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം കൊവിഡ് പോലെ ഒരു മഹാമാരിയാണെന്നും ഒരു രാജ്യം, ഭീകര സംഘടനകളേയും അവരുടെ പരിശീലന കേന്ദ്രങ്ങള്‍ക്കുമെല്ലാം സഹായങ്ങള്‍ നല്‍കി വരികയാണെന്നും എസ്.‌‌ജയശങ്കർ പറഞ്ഞു. ദർബാരി സേത്ത് അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഭീകരതയ്‌ക്കെതിരായ പോരാട്ടം ഓരോ ദിവസവും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കാന്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ ആവശ്യമാണെന്നും’അദ്ദേഹം കുട്ടിച്ചേർത്തു. അമേരിക്കയിലേയും മുംബയിലേയും പുൽവാമയിലേയും ഭീകരാക്രമണങ്ങളെ ഓർമ്മിപ്പിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.